സ്വന്തംലേഖകൻ
തൃശൂർ: ആറും കൂടിയ ജംഗ്ഷനിലെത്തുന്പോൾ ആകെ കണ്ഫ്യൂഷനാണ്. എങ്ങോട്ടു പോകണമെന്നുള്ള പ്രശ്നമല്ല. എങ്ങനെ വാഹനങ്ങൾക്കടിയിൽ പെടാതെ അക്കരെ കടക്കാമെന്ന കണ്ഫ്യൂഷൻ. പടിഞ്ഞാറേ കോട്ടയിൽ വികസനമെന്ന പേരിൽ കെട്ടിടങ്ങളൊക്കെ പൊളിച്ചിട്ടതും വ്യക്തമായ ട്രാഫിക് സംവിധാനമില്ലാത്തതുമാണ് കാൽനടക്കാരടക്കമുള്ളവരെ അപകടത്തിലേക്ക് തള്ളി വിടുന്നത്.
കെട്ടിടങ്ങൾ പൊളിച്ചിട്ടിട്ട് മാസങ്ങളായിട്ടും ഈ ഭാഗങ്ങൾ വൃത്തിയാക്കി ജംഗ്ഷൻ വികസനം നടത്താൻ കോർപറേഷൻ ഇതു വരെ തയ്യാറായിട്ടില്ല. അയ്യന്തോൾ മുതൽ എംജി റോഡിലൂടെ സ്വരാജ് റൗണ്ടു വരെയുള്ള മോഡൽ റോഡാകട്ടെ പടിഞ്ഞാറേ കോട്ട ജംഗ്ഷനിലെത്തി നിൽക്കയാണ്. വാഹനങ്ങൾ തലങ്ങും വിലങ്ങും ഒരു നിയന്ത്രണവുമില്ലാതെ കടന്നു വരുന്നതിനിടിൽ ഭാഗ്യം കൊണ്ടാണ് കാൽനടയാത്രക്കാർ രക്ഷപെടുന്നത്. പലരും വാഹനങ്ങൾ ഇടിക്കാതിരിക്കാൻ റോഡിന്റെ വശങ്ങളിലേക്കും കടകളിലേക്കും ഓടിക്കയറുന്ന സംഭവങ്ങളുമുണ്ട്.
ജംഗ്ഷൻ വികസനം നടത്തി വാഹനങ്ങൾക്ക് കടന്നു പോകാൻ വ്യക്തമായ സംവിധാനം ഉണ്ടാക്കിയില്ലെങ്കിൽ പലർക്കും ജീവൻ തന്നെ നഷ്ടമാകുന്ന സാഹചര്യമുണ്ടാകുമെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതിനകം തന്നെ നിരവധി പേർ അപകടത്തിൽ പെട്ടെങ്കിലും മരണം സംഭവിക്കാത്തതിനാലാണ് പുറംലോകം അറിയാത്തത്. കഴിഞ്ഞ ദിവസം ഒരു വീട്ടമ്മയെ വാഹനം ഇടിച്ചെങ്കിലും ഭാഗ്യംകൊണ്ടാണ് രക്ഷപെട്ടത്. ജംഗ്ഷന് അപ്പുറത്തേക്കും വശങ്ങളിലേക്കുമൊക്കെ കടന്നു പോകുന്നവർ ജീവനും കൈപിടിച്ചാണ് ഓടി മാറുന്നത്.
രാവിലെ സ്കൂളുകളിലേക്ക് കുട്ടികളെ ബസിൽ കയറ്റാൻ മാതാപിതാക്കൾ ഏറെ ഭയന്നാണ് വരുന്നത്. കുട്ടികളെ എങ്ങനെയെങ്കിലും അപകടത്തിൽ പെടാതെ ബസിൽ കയറ്റി വിടുകയെന്നത് വെല്ലുവിളിയായി മാറിയിരിക്കയാണ്. ബസുകളാണ് കൂടുതലും നിയന്ത്രണങ്ങളില്ലാതെ അമിത വേഗതയിലെത്തുന്നത്. കുന്നംകുളം, വാടാനപ്പിള്ളി, അയ്യന്തോൾ ഭാഗത്തേക്കുമൊക്കെ പോകുന്ന ബസുകൾ ആളുകളെ കയറ്റാൻ മത്സരിച്ചാണ് ജംഗ്ഷനിലേക്ക് പാഞ്ഞെത്തുന്നത്.
ഇതിനെല്ലാം പുറമേ രാവിലെ ജോലി തേടി അന്യസംസ്ഥാന തൊഴിലാളികൾ ജംഗ്ഷനിലെ റോഡിന്റെ വശങ്ങളിൽ നിറഞ്ഞിരിക്കുന്നതിനാൽ സ്കൂളുകളിലേക്ക് പോകുന്ന കുട്ടികൾക്കും മറ്റുള്ളവർക്കുമൊക്കെ റോഡിലിറങ്ങി നടക്കേണ്ട ഗതികേടാണ്. റോഡിന്റെ വശത്തുകൂടെ നടക്കുന്ന സ്ഥലങ്ങളിലാണ് ഇവർ ഇരിപ്പുറപ്പിക്കുന്നത്. ജംഗ്ഷൻ വികസനം എത്രയും വേഗം പൂർത്തിയാക്കി ഗതാഗതസംവിധാനവും കാൽനടക്കാർക്കുള്ള സൗകര്യവും ഒരുക്കിയില്ലെങ്കിൽ നിരവധി പേരുടെ ജീവനുകൾ ഇവിടെ പൊലിയുമെന്നതിൽ സംശയമില്ല.