ശ്രീകണ്ഠപുരം: മഹാരാഷ്ട്രയിൽ നിന്ന് മലയാളികളുമായി എത്തിയ ടാറ്റ സുമോയിൽ കയറിയ പടിയൂർ സ്വദേശിയായ വയോധികനും ഇയാൾ യാത്ര ചെയ്ത കാറിൽ കയറിയ സിപിഎം നേതാവും ഉൾപ്പെടെ മൂന്നുപേർ ക്വാറന്റൈനിൽ. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
പയ്യാവൂരിലേക്ക് പോകാൻ റോഡരികിൽ വാഹനം കാത്തു നിൽക്കുകയായിരുന്ന വയോധികൻ മഹാരാഷ്ട്രയിൽ നിന്ന് മലയാളികളുമായി വന്ന ടാറ്റ സുമോ തിരികെ പോകുന്നതിനിടെ കയറുകയായിരുന്നു.
പയ്യാവൂരിൽ നിന്ന് തിരികെ പടിയൂരിലേക്ക് മടങ്ങുന്നതിനിടെ പടിയൂർ സ്വദേശിയുടെ കാറിലും ഇയാൾ കയറി. ഇയാളെ വീട്ടിൽ ഇറക്കിയ ശേഷം സിപിഎം നേതാവും ഈ കാറിൽ കയറിയതായി പറയുന്നു.
സംഭവം വിവാദമായതോടെ ആരോഗ്യ വകുപ്പ് അധികൃതർ എല്ലാവരോടും ക്വാറന്റൈനിൽ കഴിയാൻ നിർദേശം നൽകുകയായിരുന്നു. എന്നാൽ ഇരിക്കൂർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനും പടിയൂർ പഞ്ചായത്ത് അംഗവും രാത്രി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നതായും കാണിച്ച് ഇവർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുമുണ്ട്.