പാടിവട്ടം: ആലിന്‍ചുവട് വെണ്ണല ഭാഗങ്ങളിലെ റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ ജനകീയ സമരത്തിലേക്ക്.
ആലിന്‍ചുവട് ഏരൂര്‍ റോഡില്‍ ആലിന്‍ചുവട് ജംഗ്ഷന് മുതല്‍ അറക്കക്കടവ് ഭാഗം വരെയാണ് റോഡ് തകര്‍ന്നു കിടക്കുന്നത്. വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് ഇടുന്നതിനുവേണ്ടി കഴിഞ്ഞവര്‍ഷമാണ് റോഡ് കുഴിച്ചത്. അതേ സ്ഥിതി ഇപ്പോഴും തുടരുകയാണ്.
കുറച്ച് മാസങ്ങള്‍ക്കുമുമ്പ് ആളുകളുടെ പ്രതിഷേധത്തെതുടര്‍ന്ന് ചെറിയ രീതിയില്‍ കുഴികളടച്ചിരുന്നു. എന്നാല്‍ വീണ്ടും പഴയസ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ജനകീയസമരം നടത്താന്‍ തീരുമാനിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി വെണ്ണല പാടിവട്ടം യൂണിറ്റ് പ്രസിഡന്റ് ടി.കെ സാഗറും സെക്രട്ടറി കെ.കെ സന്തോഷും അറിയിച്ചു.
ബസ് പോകുന്ന വഴിയാണ്. പക്ഷേ, ഇപ്പോള്‍ ഇരുചക്ര വാഹനങ്ങള്‍ക്കുപോലും പോകാനാകാത്ത അവസ്ഥയാണ്. ഉത്തരവാദിത്തപ്പെട്ടവരോട് ചോദിച്ചിട്ടും കൃത്യമായ മറുപടികളൊന്നും ലഭിച്ചിട്ടില്ല.
പൊതുമരാമത്ത് വകുപ്പ് ടെന്‍ഡര്‍ എടുത്തിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും നടപടികളൊന്നും ഇതുവരെയുണ്ടായിട്ടില്ലെന്നും വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു.
ആളുകളുടെ വരവ് കുറഞ്ഞതോടെ ഈ വഴിയിലുള്ള കടകള്‍ തുറന്നിട്ടും കാര്യമില്ലെന്നാണ് കച്ചവടക്കാരുടെ അഭിപ്രായം. കൂടാതെ മെഡിക്കല്‍ സെന്റര്‍ പരിസരത്തുനിന്നും അറക്കക്കടവ് റോഡിലേക്കെത്താനുള്ള ശ്രീകല റോഡും വര്‍ഷങ്ങളായി തകർന്ന നിലയിലാണ്.
കെഎസ്ഇബി കേബിള്‍ കുഴിച്ചിടാനായി പൊളിച്ച ഭാഗങ്ങളും ഇതുവരെ നന്നാക്കിയിട്ടില്ല. വെണ്ണല സ്കൂളിനടുത്തേക്ക് എത്തുന്ന റോഡിന്റെ അവസ്ഥയും ദുരിതമാണ്.
ഈ സാഹചര്യത്തിലാണ് ജനപ്രതിനിധികളുടെ അടിയന്തരശ്രദ്ധയിലേക്ക് ഈ പ്രശ്നങ്ങള്‍ കൊണ്ടുവരാനും കൃത്യമായൊരു പരിഹാരം കാണാനും ജനകീയ സമരം സംഘടിപ്പിക്കുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ അറിയിച്ചു.