കൊച്ചി: കോവിഡ് തളര്‍ത്തിയ പടക്കവിപണി വിഷുവിനു തിരിച്ചുവരവിനൊരുങ്ങുന്നു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന ആഘോഷങ്ങളാണ് വിപണിക്ക് ഇക്കുറി പ്രതീക്ഷ നല്‍കുന്നത്.
വിഷുവും അതിനു പിന്നാലെയെത്തുന്ന തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപവും വ്യാപാരികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
കോവിഡ് രോഗവ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കടയില്‍ തിരക്ക് ഒഴിവാക്കുന്നതിന് ഹോം ഡെലിവറി സൗകര്യം മിക്ക വ്യാപാരികളും ഒരുക്കിയിട്ടുണ്ട്.
നിശ്ചിത തുകയ്ക്ക് പടക്കവും കമ്പിത്തിരിയും പൂത്തിരിയുമെല്ലാമടങ്ങുന്ന കിറ്റുമുണ്ട്. ശബ്ദം കുറഞ്ഞ ചൈനീസ് പടക്കങ്ങള്തന്നെയാണ് ഇക്കുറിയും താരങ്ങള്‍.
രണ്ടു മിനിറ്റോളം ആഘോഷ തിമിര്‍പ്പ് നിറയ്ക്കുന്ന മേശപ്പൂവാണ് വിപണിയിലെ മറ്റൊരു കൗതുകം. നിറങ്ങള്‍ക്കും പ്രകാശത്തിനും പ്രാധാന്യം നല്കുന്ന വിവിധ ഇനങ്ങള്‍ വിപണയിലുണ്ട്.
കഴിഞ്ഞവര്‍ഷം വിഷുവിപണി മുന്നില്‍ കണ്ടു ശിവകാശിയില്‍നിന്നു വന്‍തോതില്‍ ചൈനീസ് പടക്കങ്ങള്‍ ഇറക്കിയ വ്യാപാരികള്‍ക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു.
നിലവിൽ തമിഴ്നാട്ടില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യമാണുള്ളത്. ഇതുമൂലം ആവശ്യത്തിനു പടക്കം എത്തുമോയെന്ന സംശയമുണ്ട്.