പദ്മ ജംഗ്ഷനിലെ ലോഡ്ജില്‍നിന്ന് റോഡിലേക്ക് വീണ് പരിക്കേറ്റ തൃശൂര്‍ തൃപ്രയാര്‍ പാലയ്ക്കല്‍ കല്ലുവെട്ടുകുഴി സജി ആന്റോയുടെ (46) ആരോഗ്യനില ഗുരുതരം തന്നെയെങ്കിലും അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്. സംസാരിക്കാനും ആളുകളെ തിരിച്ചറിയാനും കഴിയുന്നുണ്ട്. കഴുത്തിലെ കശേരുക്കള് തെന്നിമാറി സുഷ്മന നാഡിക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. ഇതുമൂലം രണ്ടുകാലും തളര്‍ന്നതായി ന്യൂറോ വിഭാഗം മേധാവി ഡോ. ഡോ.എം.സി. ടോമിച്ചന് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സജിയെ നിലവഷളായതോടെ ഞായറാഴ്ച പുലര്‍ച്ച ഒരുമണിയോടെയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.
നട്ടെല്ലിന് കാര്യമായി പരിക്കേറ്റ സജിയുടെ ഇടതുകാല് ഒടിഞ്ഞിട്ടുമുണ്ട്. നെറ്റിക്ക് ആഴത്തില്‍ മുറിവുമുണ്ട്. ചൊവ്വാഴ്ച എം.ആര്.ഐ സ്കാനിങ്ങും നടത്തും. കാലുകള്‍ അടക്കം ചലിക്കാത്ത സാഹചര്യത്തിലാണ് സ്കാനിംഗ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തുന്നത്. തിങ്കളാഴ്ച ഡോക്ടര്‍മാരുമായി സംസാരിച്ച സജി ജോലി തേടിയാണ് കൊച്ചിയില്‍ എത്തിയതെന്നും അബദ്ധത്തില്‍ വീഴുകയായിരുന്നെന്നും പറഞ്ഞു. മുമ്പ് ജോലി ചെയ്തിരുന്നിടത്തെ ജോലി നഷ്ടപ്പെട്ടതിനെതുടര്‍ന്നാണ് ജോലി അന്വേഷിച്ചിറങ്ങിയത്.
കലൂരില്‍ ജോലി തിരക്കി നടന്നശേഷം ലോഡ്ജില്‍ മുറിയെടുത്തു. ഇതിനിടെ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. ചേട്ടനെ അപകടവിവരം അറിയിച്ചിട്ടുണ്ടെന്നും സജി പറഞ്ഞു. അതേസമയം, സജിയുടെ ബന്ധുക്കളാരും ആശുപത്രിയില്‍ എത്തിയിട്ടില്ല. വര്‍ഷങ്ങളായി ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു ഇയാള്‍. ശനിയാഴ്ച വൈകീട്ട് 6.30ന് എറണാകുളം പദ്മ ജങ്ഷനിലായിരുന്നു അപകടം. റോഡില്‍ വീണുകിടന്ന ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ആരും തയാറായില്ല. ഒടുവില്‍ അഡ്വ. രഞ്ജിനി രാമാനന്ദാണ് രക്ഷക്കെത്തിയത്.