പത്തനംതിട്ട: ഇലന്തൂരിലെ നരബലിക്ക് ഇരയായി കൊല്ലപ്പെട്ട പത്മയുടെ സ്വർണം കണ്ടെത്തി.
ഒന്നാംപ്രതി ഷാഫി വീടിനടുത്തുള്ള സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ പണയംവച്ചിരുന്ന സ്വർണമാണ് പോലീസ് കണ്ടെടുത്തത്. നാലര പാവനോളം സ്വർണമാണ് പണയംവച്ചത്.
അതേസമയം നരബലി കേസിലെ മൂന്ന് പ്രതികളേയും 12 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ഈ മാസം 24 വരെയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. എറണാകുളം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
ഒന്നാം പ്രതി മുഹമ്മദ് ഷാഫി, രണ്ടാം പ്രതി ഭഗവൽ സിംഗ്, മൂന്നാം പ്രതി ലൈല എന്നിവരെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി 12 ദിവസം കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി പൂർണമായും അംഗീകരിക്കുകയായിരുന്നു. പ്രതികളെ പുറത്തേക്കിറക്കുമ്പോൾ മുഖം മറച്ചിരിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
എന്നാൽ പ്രതികളെ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചതാണെന്നും മനുഷ്യമാംസം ഭക്ഷിച്ചുവെന്ന് സമ്മതിക്കാൻ പോലീസ് സമ്മർദ്ദം ചെലുത്തിയെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
മരിച്ച പത്മം എന്ന സ്ത്രീയെ പ്രതി ഷാഫി തട്ടിക്കൊണ്ടുവന്നുവെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും അവർ സ്വന്തം താത്പര്യപ്രകാരം പ്രതിയോടൊപ്പം വന്നതാണെന്നും പ്രതിഭാഗം വാദിച്ചു.
രണ്ട് ജില്ലകളിലായി നടന്ന കുറ്റകൃത്യങ്ങളിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. പ്രതികൾ സമാനമായ ആസൂത്രണത്തിലൂടെ മറ്റാരെയെങ്കിലും കെണിയിൽപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധന വേണമെന്ന് പോലീസ് കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.
കൊല്ലപ്പെട്ട സ്ത്രീകളുടെ ആഭരങ്ങൾ എറണാകുളത്തും പത്തനംതിട്ടയിലുമുള്ള ബാങ്കുകളിലാണ് പണയപ്പെടുത്തിയിരിക്കുന്നത്. ഇവ കണ്ടെടുക്കുന്നതിനുള്ള നടപടികൾ ഇന്നുണ്ടായേക്കും.