കോഴിക്കോട്: പത്മജ വേണുഗോപാലിനെ ബിജെപിയില്‍ എത്തിക്കാന്‍ ചരടുവലിച്ചത് മുന്‍ ഡിജിപിയും കൊച്ചി മെട്രോ എംഡിയുമായ ലോക്നാഥ് ബെഹ്റയെന്ന് കെ. മുരളീധരന്. നേമത്ത് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതിന്റെ പക ബിജെപിക്ക് തന്നോടുണ്ട്. പത്മജയെ പാളയത്തിലെത്തിച്ചതു വഴി ആ കണക്ക് തീര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു
ബെഹ്റയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും നല്ല ബന്ധമാണുള്ളത്. കൊച്ചി സിറ്റി പോലീസ് കമീഷണറായിരുന്ന കാലം മുതല്‍ തന്റെ കുടുംബവുമായി ബെഹ്റയ്ക്ക് ബന്ധമുണ്ട്. അക്കാലത്ത് കെ. കരുണാകരനായിരുന്നു മുഖ്യമന്ത്രി. ഈ ബന്ധം ബിജെപിക്കാര്‍ ഉപയോഗിച്ച് കാണുമെന്നും മുരളീധരന് പറഞ്ഞു.
ബിജെപിയില്‍ പോകുന്നുവെന്ന വാര്‍ത്താ കണ്ടയുടന്‍ തന്നെ പത്മജയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ബിജെപിയില്‍ പോകുന്നില്ലെന്ന ഫേസ്ബുക്ക് കണ്ടപ്പോഴും വിളിച്ചു. പിന്നീട് സംശയിച്ച പോലെ തന്നെ സംഭവിച്ചു.
എന്നാല്‍ പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ പോയതുകൊണ്ട് പാർട്ടിക്ക് നഷ്ടമൊന്നുമില്ല. പത്മജ പ്രചാരണ രംഗത്തിറങ്ങിയാല്‍ കോണ്‍ഗ്രസിന് ജോലി എളുപ്പമാകുമെന്നും മുരളീധരന് പറഞ്ഞു.