തൃശൂര്‍: കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളില്‍ തോറ്റയാളാണ് പ്രവചനം നടത്തുന്നത്. പത്മജ പ്രവചിച്ച് സമാധാനമടയട്ടെ. പത്മജ വേണുഗോപാലിനെതിരേ രൂക്ഷ വിമര്‍ശനവുമായി തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്.
തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ഒന്നാമതെത്തുമെന്ന് പത്മജ പറഞ്ഞ പശ്ചാത്തലത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം. ബിജെപി തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്കു പോകണമെന്നാണ് തങ്ങളുടെ ആഗ്രഹം.
എന്തെങ്കിലും കാരണവശാല്‍ അവര്‍ രണ്ടാം സ്ഥാനത്ത് വന്നാല്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കും. ക്രോസ് വോട്ടിംഗ് നടന്നിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. സിപിഎമ്മിലെ ഒരു വിഭാഗം ബിജെപിക്ക് വോട്ട് ചെയ്തിട്ടുണ്ട്.
ഇവിടെ സിപിഎമ്മുകാരല്ല, ബിജെപിക്കാരാണ് കള്ളവോട്ട് ചെയ്തതെന്നും മുരളീധരന് ആരോപിച്ചു. വോട്ടിംഗ് വൈകിപ്പിക്കാന്‍ ശ്രമം നടന്നു. തൃശൂരില്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ചെയ്യാതെ പോയിട്ടില്ലെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.