കാസർഗോഡ്: തെരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ തനിക്കെതിരേ രൂക്ഷവിമർശനം നടത്തിയ പത്മജാ വേണുഗോപാലിനെതിരേ ആഞ്ഞടിച്ച് കാസർഗോഡ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ.
പത്മജ താനുമായി പരസ്യ സംവാദത്തിന് തയാറായാൽ 1973 മുതലുള്ള ചരിത്രമെല്ലാം താൻ വെളിപ്പെടുത്താമെന്നും പിന്നെ പത്മജ പുറത്തിറങ്ങി നടക്കില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആദ്യം ബിജെപിയിൽ ചേരുന്നത് രാജ്മോഹൻ ഉണ്ണിത്താനായിരിക്കുമെന്ന പത്മജയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായി തന്റെ അച്ഛൻ കെ.കരുണാകരനല്ലെന്ന് ഉണ്ണിത്താൻ പറഞ്ഞു. പത്മജയുടെ പൂർവകാല ചരിത്രം പുറത്തുവന്നാൽ കരുണാകരന്റെ ആത്മാവ് പോലും പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇ.പി. ജയരാജൻ പ്രകാശ് ജാവദേക്കറെ കണ്ടത് ആഗോളതാപനത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ചർച്ച ചെയ്യാനായിരിക്കുമെന്നും ഉണ്ണിത്താൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ പയ്യന്നൂർ, കല്യാശേരി മണ്ഡലങ്ങളിൽ സിപിഎം വ്യാപകമായി കള്ളവോട്ടുകൾ ചെയ്തിട്ടുണ്ടെന്നും ബൂത്ത്പിടിത്തം നടത്തിയിട്ടുണ്ടെന്നും ഉണ്ണിത്താൻ പറഞ്ഞു. എന്നാൽ എത്ര കള്ളവോട്ട് നടന്നാലും ഒരു ലക്ഷം വോട്ടിനെങ്കിലും താൻ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.