സ്വന്തം ലേഖകൻ
തൃശൂർ: പിറന്നാൾ ദിനത്തിൽ വട്ടിയൂർകാവിലെ വിമർശകർക്ക് ചുട്ട മറുപടിയുമായി പത്മജവേണുഗോപാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കരുണാകരന്റെ മക്കൾ ആരെയും പിന്നിൽ നിന്ന് കുത്തില്ലെന്ന പ്രഖ്യാപനത്തോടെയുള്ള പത്മജ വേണുഗോപാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കെ.മുരളീധരനെ വിമർശിക്കുന്നവർക്കുള്ള മറുപടി കൂടിയാണ്.
മുരളീധരൻ നന്നായി വർക്കു ചെയ്തിരുന്നുവെന്നും കരുണാകരന്റെ മക്കളെ കുറേപേർ സങ്കടപ്പെടുത്തിയിട്ടുണ്ടെന്നും പത്മജ പറയുന്നു. വട്ടിയൂർകാവിൽ മോഹൻകുമാറിന്റ പേര് എല്ലാവരും പറഞ്ഞപ്പോൾ മുരളീധരൻ അതിനെ സപ്പോർട്ട് ചെയ്തതാണോ അദ്ദേഹം ചെയ്ത കുറ്റമെന്നും മോഹൻകുമാറിനെ തോൽപിച്ചിട്ട് എന്ത് കിട്ടാനാണെന്നും പത്മജ ചോദിക്കുന്നുണ്ട്.
കുറച്ചു പരന്പരാഗത വോട്ടുകൾ പോകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നും അതിന്റെ കാരണം ഇവിടെ പറയാൻ ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞ് പത്മജ ഒഴിഞ്ഞുമാറുന്നുമുണ്ട്.വോട്ടുമറിച്ചില്ലെന്ന് നെഞ്ചത്ത് കൈവെച്ചു പറയാമോ എന്നും പത്മജ ചോദിക്കുന്നു.
പിറന്നാൾ ആശംസകൾക്ക് നന്ദി പറഞ്ഞുള്ള പോസ്റ്റിലും പത്മജ മറ്റു ചില കാര്യങ്ങൾ പറയുന്നുണ്ട്.
കുറച്ചു നാളുകളായി സത്യങ്ങൾ തുറന്നു പറയുന്നത് കൊണ്ട് എനിക്ക് ഫേയ്സ് ബുക്കിൽ പൊങ്കാല ഇടുന്നുവരോട് വെറുതെ സമയം കളയേണ്ടെന്നും എന്നെ സങ്കടപെടുത്താൻ പറയുകയാണെങ്കിൽ അത് വേണ്ടെന്നും പത്മജ പറയുന്നു.
കരുണാകരന്റെ മകളായതു കൊണ്ട് മാത്രം ഒത്തിരി കല്ലേറും വേദനകളും സഹിച്ച ആളാണ് താനെന്നും പത്മജ ഓർക്കുന്നു. ആരോടും ദേഷ്യം ഇല്ല കേട്ടോ .കാരണം ഞാൻ ഇങ്ങിനെ ആണ് എ്ന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ പൂർണരൂപം
കുറെ ദിവസമായി കെ.മുരളീധരനെ അനാവശ്യമായി കുറ്റപ്പെടുത്തുന്നതു കണ്ടു. അദ്ദേഹം എത്ര നന്നായി വർക്ക് ചെയ്തു എന്ന് കണ്ട ഒരാളാണ് ഞാൻ.വീടുകൾ തോറും കയറി ഇറങ്ങി അദ്ദേഹം വോട്ട് പിടിച്ചു .പക്ഷെ എന്തൊക്കെയോ കള്ളക്കളികൾ നടക്കുന്നുണ്ട് എന്നദ്ദേഹം എന്നോട് പറഞ്ഞിരുന്നു .
എല്ലാ നേതാക്ക·ാരോടും പറഞ്ഞിരുന്നു .പരസ്യമായും പറഞ്ഞിരുന്നു ..പക്ഷെ എല്ലാ ആർ .എസ് .എസ് കാരും കൂടി എൽ .ഡി എഫിന് കൊണ്ട് പോയി വോട്ടു ചെയ്യും എന്ന് ആരെങ്കിലും സ്വപ്നത്തിൽ വിചാരിക്കുമോ? കുറച്ചു പരന്പരാഗത വോട്ടുകൾ പോകുമെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. അതിന്റെ കാരണം ഇവിടെ പറയാൻ ബുദ്ധിമുട്ടുണ്ട്.
ഒരു കാര്യം അറിയാം ഞങ്ങളുടെ തെറ്റല്ല. വോട്ട് മറിച്ചില്ല എന്ന് ബി.ജെ.പി.ക്കാർക്ക് നെഞ്ചത്ത് കൈ വെച്ച് പറയാമോ? അവർക്കു കഴിഞ്ഞ അസംബ്ലിയിൽ കിട്ടിയ 43000 വോട്ട് എവിടെ? അതിൽ കൂടുതൽ 2019 പാർലമെൻറിൽ കിട്ടിയിരുന്നു .അതൊക്കെ എവിടെ? എങ്ങിനെ 27000 ആയി ചുരുങ്ങി?
അവർക്കു എന്തായാലും ഒരു വെടിക്ക് 2 പക്ഷിയെ കിട്ടി . ഒന്ന് കുമ്മനത്തിനു സീറ്റ് കിട്ടാത്ത ദേഷ്യം തീർത്തു, രണ്ടാമത്തെ കാരണം എല്ലാവർക്കും അറിയാമല്ലോ.
പക്ഷെ ഇത് എന്നും ഉണ്ടാവും എന്ന് ആരും കരുതണ്ട. തോൽവി തോൽവി തന്നെ എന്ന് സമ്മതിക്കുന്നു. ഒരു കാര്യം ചോദിച്ചോട്ടെ? മോഹൻകുമാറിനെ വട്ടിയൂർക്കാവിൽ തോൽപിച്ചിട്ട് എന്ത് കിട്ടാനാണ്? അദ്ദേഹം അവിടെ ആരുടെയും പേര് പറഞ്ഞിട്ടില്ല. എല്ലാവരും കൂടെ ഒരു പേര് പറഞ്ഞപ്പോൾ അതിനെ സപ്പോർട്ട് ചെയ്തതാണോ അദ്ദേഹം ചെയ്ത കുറ്റം? കെ.കരുണാകരന്റെ മക്കളെ കുറെ പേര് സങ്കടപെടുത്തിയിട്ടുണ്ട് .പക്ഷെ ഞങ്ങൾ ആരോടും ഇത് വരെ അങ്ങിനെ ചെയ്തിട്ടില്ല . ഇനി അങ്ങിനെ ചെയ്യുകയുമില്ല .ഞങ്ങൾ ആരെയും പിന്നിൽ നിന്നും കുത്തില്ല.
ഇന്ന് എന്റെ ജന്മദിനം ആയിരുന്നു. (ഇംഗ്ലീഷ് തീയതി) മലയാളം ജന്മദിനം വരുന്നത് നവംബർ നാലിന് ആണ് (തുലാമാസത്തിലെ തിരുവോണം). ഇന്ന് ഫേയ്സ് ബുക്ക് വഴിയും അല്ലാതെയും എന്നെ വിഷ് ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു കൊള്ളുന്നു .എന്നെ പറ്റി കുറെ ആളുകൾ എഴുതിയ നല്ല വാക്കുകൾ കണ്ടപ്പോൾ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു പോയി .
നിങ്ങളുടെ എല്ലാം സ്നേഹമാണ് എന്റെ ജീവിതം മുന്നോട്ടു നയിക്കുന്നത് .കുറച്ചു നാളുകളായി സത്യങ്ങൾ തുറന്നു പറയുന്നത് കൊണ്ട് എനിക്ക് ഫേയ്സ് ബുക്കിൽ പൊങ്കാല ഇടുന്നുണ്ട്. അവരോടൊക്കെ ഒരു കാര്യം പറയാനുണ്ട്. എന്നെ സങ്കടപെടുത്താൻ പറയുകയാണെങ്കിൽ അത് വേണ്ട കേട്ടോ. നിങ്ങളുടെ സമയം വെറുതെ കളയരുത് .കരുണാകരന്റെ മകളായതു കൊണ്ട് മാത്രം ഒത്തിരി കല്ലേറും വേദനകളും സഹിച്ച ആളാണ് ഞാൻ.ഇപ്പോൾ ഒരു കാര്യം സമാധാനമുണ്ട് .
എന്നെ ഇപ്പോൾ കുറെ ആളുകൾക്ക് ഒക്കെ എന്നെ അടുത്തറിയാം. അവർക്കു എന്നോട് സ്നേഹമാണ്. സങ്കടം പറഞ്ഞു വന്ന ആരെയും ഞാൻ നിരാശപെടുത്തിട്ടില്ല .എന്നെ കൊണ്ട് പറ്റുന്ന പോലെ സഹായിക്കാറുണ്ട് .അത് ഞാൻ എന്റെ അമ്മയുടെ അടുത്ത് നിന്ന് പഠിച്ചതാണ് .ഒരിക്കൽ എങ്കിലും എന്നോട് സംസാരിച്ചിട്ട് ഉള്ള ഒരാൾ എന്നെ കുറ്റം പറയാറില്ല .എന്നെ അറിയാത്ത അല്ലെങ്കിൽ ഒരിക്കൽ പോലും എന്നെ കാണാത്ത ആളുകൾ ആണ് എന്നെ കുറ്റം പറയുന്നത്. ആരോടും ദേഷ്യം ഇല്ല കേട്ടോ .കാരണം ഞാൻ ഇങ്ങിനെ ആണ്…