കൊച്ചി: പത്മജ വേണുഗോപാലിനെ എല്‍ഡിഎഫില്‍ എത്തിക്കാന്‍ ശ്രമം നടന്നിരുന്നുവെന്ന് ദല്ലാള്‍ ടി.ജി. നന്ദകുമാര്‍. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു ചര്‍ച്ച. താന്‍ നേരിട്ടാണ് പത്മജയെ വിളിച്ച് സംസാരിച്ചത്.
പ്രതീക്ഷിച്ചതിലും അപ്പുറമുള്ള തസ്തിക അവര്‍ ആവശ്യപ്പെട്ടു. സൂപ്പര്‍ പദവികള്‍ ആവശ്യപ്പെട്ടതിനാലാണ് ചര്‍ച്ച മുന്നോട്ട് പോകാതിരുന്നതെന്നും നന്ദകുമാര്‍ ഒരു മാധ്യമത്തോട് സംസാരിക്കവെ വെളിപ്പെടുത്തി.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്തായിരുന്നു ചര്‍ച്ച നടന്നത്. ഉപതെരഞ്ഞെടുപ്പ് സമയത്ത് തൃക്കാക്കരയില്‍ പ്രചാരണത്തിനായി എത്താതിരുന്നത് സംബന്ധിച്ച് പത്മജയോട് ചോദിച്ചു. അവര്‍ നിരാശയിലാണെന്നായിരുന്നു മറുപടി.
ഈ വിവരം ഇ.പി. ജയരാജനോട് സംസാരിച്ചപ്പോള്‍ എല്‍ഡിഎഫിലേക്ക് ക്ഷണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും നന്ദകുമാര്‍ പറഞ്ഞു.
വനിതാ കമ്മീഷന് അധ്യക്ഷ സ്ഥാനമാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍ അവര്‍ ആവശ്യപ്പെട്ടത് പ്രതീക്ഷിച്ചതിലും അപ്പുറമുള്ള തസ്തികയാണ്. അവര്‍ ‘സൂപ്പര്‍ പദവികള്‍’ ആവശ്യപ്പെട്ടു. ഇ.പി ജയരാജന് മുഖ്യമന്ത്രിയുമായി സംസാരിച്ചു.
ഇതിന് പിന്നാലെ വീണ്ടും പത്മജയുമായി സംസാരിച്ചു. അവര്‍ താല്പര്യത്തോടെയാണ് ദുബായില്‍ നിന്നും കൊച്ചിയിലെത്തിയത്. “സൂപ്പര്‍ പദവി’ ആവശ്യത്തില്‍ പത്മജ ഉറച്ചു നിന്നതോടെ ആ ചര്‍ച്ച മുന്നോട്ട് പോയില്ലെന്നും നന്ദകുമാര്‍ പ്രതികരിച്ചു.