തൃശൂർ: തെരഞ്ഞെടുപ്പിലെ പരാജയത്തിനു കാരണമെന്തെന്നു പഠിക്കണമെന്ന് തൃശൂർ നിയോജകമണ്ഡലത്തിൽ മൽസരിച്ചു 946 വോട്ടിനു പരാജയപ്പെട്ട കെപിസിസി വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാൽ.
തോൽവിയിൽനിന്ന് പാർട്ടി പഠിക്കണം. അല്ലാതെ മുന്നോട്ടുപോവുക പ്രയാസമാണെന്ന് പറഞ്ഞ പത്മജ പ്രശ്നങ്ങൾ പരിഹരിക്കാതെ ഇനി മത്സരിക്കുന്ന കാര്യം ചിന്തിക്കില്ലെന്നും വ്യക്തമാക്കി.
ഇതിനിടെ കോണ്‍ഗ്രസിലെ “കസേര കച്ചവട’ത്തിനെതിരേ പ്രതികരണവുമായി നിരവധി പേർ സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്തെത്തി.
തദ്ദേശ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള സീറ്റുകളും പാർട്ടി ഭാരവാഹിത്വവുമെല്ലാം പാർട്ടിയിലെ യോഗ്യർക്കു നൽകാതെ അയോഗ്യരിൽനിന്നു പണം നൽകി കച്ചവടം നടത്തുകയാണെന്നാണ് ആരോപണം.
ഡിസിസി പ്രസിഡന്റിനും എംപിക്കുമെല്ലാം എതിരേ ആരോപണങ്ങൾ ഉന്നയിച്ച് മുന്നു മാസത്തിനിടെ ഏതാനും നേതാക്കൾ കോണ്ഗ്രസിൽനിന്ന്് രാജിവച്ചിരുന്നു.
മുതിർന്ന നേതാക്കളായ സി.ഐ. സെബാസ്റ്റ്യൻ, അഡ്വ. പി.കെ. ജോണ്‍, അഡ്വ. കെ.ബി. രണേന്ദ്രനാഥ്, കെ.ജെ. റാഫി തൂടങ്ങിയവർ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചാണ് പലപ്പോഴായി പാർട്ടി വിട്ടത്.