തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത് കെ.കരുണാകരനെ അപമാനിക്കുന്നിടത്തു നിൽക്കാനില്ലെന്നു ഉറപ്പിച്ചെന്ന് പത്മജ വേണുഗോപാൽ.
കുറച്ചുകാലമായി മോദിജിയുടെ രീതികൾ പഠിച്ചപ്പോൾ ഒരു കാര്യം മനസിലായി. ഏതു പാർട്ടിക്കും ശക്തനായ ഒരു നേതാവ് വേണം. ഇന്ന് കോൺഗ്രസ് പാർട്ടിക്ക് ഇല്ലാത്തതും അതാണ്.
താൻ ഇങ്ങനെയൊരു തീരുമാനമെടുക്കുമെന്ന് ആരും കരുതിയില്ല, അളമുട്ടിയാല്‍ ചേരയും കടിക്കുമെന്നാണല്ലോ. താൻ പാമ്പൊന്നുമല്ല വെറും ചേരയാണ്, പക്ഷേ ചേര കടിച്ചാല്‍ മതിയല്ലോ അത്താഴം മുടങ്ങാനെന്നും പത്മജ പറഞ്ഞു.
ഡൽഹിയിൽ നിന്ന് കേരളത്തിലെത്തിയതിനു പിന്നാലെ ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് കോൺഗ്രസിനെതിരെ പത്മജ രൂക്ഷവിമർശനം നടത്തിയത്.
എന്തുകൊണ്ട് ബിജെപി എന്ന് പലരും ചോദിച്ചു. എന്ത് പ്രയാസമുണ്ടെങ്കിലും പാർട്ടിയിൽ ഉറച്ചുനിൽക്കുന്ന ആളായിരുന്നു താൻ. വല്ലാത്ത വേദനയായിരുന്നു പോകുമ്പോൾ. ഒരു മാസം മുമ്പ് എഐസിസി ആസ്ഥാനത്തു ചെന്നപ്പോൾ ആരെയാണു കാണേണ്ടതെന്ന് ആലോചിച്ചു.
ആരുമില്ല. സോണിയ ഗാന്ധി ഇപ്പോൾ ആരെയും കാണുന്നില്ല. രാഹുൽ ഗാന്ധിക്ക് പരാതി കേൾക്കാൻ പോലും സമയമില്ല. ഇതിൽ നിന്നിട്ട് കാര്യമില്ലെന്ന് അന്ന് തനിക്ക് തോന്നിയെന്നും പത്മജ പറഞ്ഞു.
ദിവസവും താൻ അപമാനിക്കപ്പെടുകയാണ്. തെരഞ്ഞെടുപ്പു കാലത്ത് എന്നെ ഒരു കമ്മിറ്റിയിലും ഇടില്ല. തൃശൂരിൽനിന്ന് എന്നെ ഓടിക്കണമെന്നു നാലഞ്ചുപേർ തീരുമാനിച്ചു. നേതൃത്വത്തിനോട് അതിനെക്കുറിച്ചു പറയുമ്പോൾ അവർ വളരെ നിസാരമാക്കി എടുത്തു. അത് തന്നെ വേദനിപ്പിച്ചു. കോൺഗ്രസ് വിടുന്നത് കുറച്ചുദിവസങ്ങളായി തന്റെ മനസിലുണ്ടായിരുന്നുവെന്നും പത്മജ കൂട്ടിച്ചേർത്തു.
ഡൽഹിയിൽ നിന്ന് ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പത്മജയെ കേന്ദ്രന്ത്രി വി. മുരളീധരന്, സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, വി.വി. രാജേഷ് എന്നിവർ ഉള്‍പ്പടെ നൂറുകണക്കിന് പ്രവര്‍ത്തകർ ചേർന്നാണ് സ്വീകരിച്ചത്. നേതാക്കൾ പത്മജയെ ഷാളും ഹാരവുമണിയിച്ച് ആനയിച്ചു. ചെണ്ടമേളവും പുഷ്പവൃഷ്ടിയും ഒരുക്കിയിരുന്നു.