കൊച്ചി: സമൂഹമാധ്യമങ്ങളിലും ചാനൽ ചർച്ചകളിലും കെ. മുരളീധരനെതിരേ ഉയർന്ന വിമർശനങ്ങൾക്കു മറുപടിയുമായി സഹോദരി പത്മജ വേണുഗോപാൽ. വിമർശനങ്ങൾക്കുള്ള മറുപടിയല്ലെന്നു പറഞ്ഞുകൊണ്ടാണു ഫേസ്ബുക്ക് പോസ്റ്റെങ്കിലും അത് ലക്ഷ്യമിടുന്നത് ജോസഫ് വാഴയ്ക്കൻ അടക്കമുള്ള നേതാക്കൾ ഫേസ്ബുക്കിലും ചാനൽ ചർച്ചകളിലും മുരളീധരനെതിരേ നടത്തിയ വിമർശനങ്ങൾക്കെതിരേയാണ്.
“രണ്ടു ദിവസമായി ചാനൽ ചർച്ചകളിൽ മുരളിയേട്ടനെ പറ്റി പലരും വിമർശിച്ചു കണ്ടു. അതിനുള്ള മറുപടി അല്ല ഇത്. പക്ഷേ മരിച്ചു പോയ ഞങ്ങളുടെ അച്ഛനെ ഇതിൽ വലിച്ചിഴയ്ക്കേണ്ട കാര്യം ഇല്ല’ എന്നു പറഞ്ഞാണു പത്മജയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഒരു വീടാകുന്പോൾ ചില ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകും.
ഞങ്ങളുടെ വീടായതു കൊണ്ട് അതിനു കൂടുതൽ ശ്രദ്ധ കിട്ടി എന്നു മാത്രം. ഒരു കാര്യം ഞാൻ പറയാം. ഈ പറയുന്ന ആളുകളുടെ ചരിത്രം പലതും ഞങ്ങൾ പറയാൻ തുടങ്ങിയാൽ അത് അവർക്കു ബുദ്ധിമുട്ടാകും. ദയവു ചെയ്ത് അതു പറയിപ്പിക്കരുത്.
എന്തായാലും ഈ ആളുകൾ വേദനിപ്പിച്ചതിന്റെ പകുതി മുരളിയേട്ടൻ അച്ഛനെ വേദനിപ്പിച്ചിട്ടില്ല. ഞങ്ങളുടെ അച്ഛനെ കുറെ വേദനിപ്പിച്ചതല്ലേ? ഇനി മകനെ വെറുതെ വിട്ടു കൂടെ? എന്നു പറഞ്ഞാണു പത്മജ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിനു പിന്നാലെ കോണ്ഗ്രസ് നേതൃത്വത്തിനെതിരേ കെ. മുരളീധരൻ രംഗത്തുവന്നിരുന്നു.
പ്രതിപക്ഷ നേതാവിന്റെ ബൂത്തിൽപോലും യുഡിഎഫ് സ്ഥാനാർഥി പിന്നോക്കം പോയതിൽ പരിഹാസവുമായി സ്വന്തം ബൂത്തിൽ താൻ ഒരിക്കലും പിന്നോട്ട് പോയില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയ്ക്കെതിരേയുള്ള മുരളീധരന്റെ പരോക്ഷ വിമർശനം. മുരളീധരന്റെ ഈ വിമർശനങ്ങൾക്കെതിരേ ജോസഫ് വാഴയ്ക്കൻ അടക്കമുള്ള നേതാക്കൾ ഫേസ്ബുക്കിലും ചാനൽ ചർച്ചകളിലും രംഗത്തെത്തിയിരുന്നു.
നത്തോലി ഒരു ചെറിയ മീനല്ല, ചൊറിച്ചിൽ ഒരു ചെറിയ രോഗമല്ല, എന്തും ചെയ്യാം എന്ന ആമുഖത്തോടെയായിരുന്നു ജോസഫ് വാഴയ്ക്കന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മൾ നന്നാക്കാമെന്നു വിചാരിച്ചാൽ നടക്കുമോ എന്ന് ഉൾപ്പെടെ മുരളീധരന്റെ പേര് പരാമർശിക്കാതെയായിരുന്നു വാഴയ്ക്കന്റെ വിമർശനം.