പത്തനംതിട്ട: കെ. മുരളീധരന് പരവതാനി വിരിച്ചിട്ടിട്ടാണ് താൻ ബിജെപിയിലേക്ക് പോന്നത്. പല മുൻ മുഖ്യമന്ത്രിമാരുടെയും മക്കൾ ബിജെപിയിലേക്ക് വരുമെന്ന് പത്മജ വേണുഗോപാൽ .
എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിയുടെ പത്തനംതിട്ടയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു പത്മജ. അതിരൂക്ഷമായ വിമർശനമാണ് കോൺഗ്രസിനെതിരേ പത്മ ജ ഉന്നയിച്ചത്.
അനിൽ ആന്റണിയുടെ പ്രചാരണത്തിനു താൻ ഇറങ്ങുന്നത് ഏറെ സന്തോഷത്തോടെയാണ്. അനിലിന്റെയും തന്റെയും പിതാക്കന്മാർ മുൻ മുഖ്യമന്ത്രിമാരും കോൺഗ്രസിലെ രണ്ട് ചേരികളുടെ നേതാക്കളുമായിരുന്നു.എന്നാൽ മക്കളായ ഞങ്ങൾ ഏറെ സ്നേഹത്തോടെയാണ് കഴിഞ്ഞുവന്നത്.
കെ. കരുണാകരന്റെ മക്കളെ കോൺഗ്രസിനു വേണ്ട. കെ. മുരളീധരനു വൈകാതെ അതു മനസിലാകും. അദ്ദേഹം എല്ലാ കാര്യങ്ങളും വൈകി ചിന്തിക്കുന്ന ആളായതുകൊണ്ട് അദ്ദേഹത്തിനുവേണ്ടി ഒരു പരവതാനി വിരിച്ചിട്ടിട്ടാണ് താനിങ്ങോട്ടു പോന്നതെന്ന് പദ്മജ പറഞ്ഞു.
ഈ തെഞ്ഞെടുപ്പ് കഴിയുമ്പോൾ എഐസിസി ആസ്ഥാനം അടച്ചു പൂട്ടും. പാർട്ടിയുടെ സ്ഥാപകനായ എ.ഒ. ഹ്യൂമിന്റെ ചിത്രത്തോടൊപ്പം പാർട്ടിയെ ഇല്ലാതാക്കിയ കേരളത്തിൽ നിന്നുള്ള ഒരു നേതാവിന്റെകൂടി ചിത്രം പുറത്തു വയ്ക്കാം.
സ്ത്രീകൾക്ക് യാതൊരു പരിഗണനയുമില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. പുരുഷാധിപത്യമാണ് കോൺഗ്രസിലുള്ളത്. ഇന്നിപ്പോൾ ബിജെപിയിൽ സ്ത്രീകൾക്കു ലഭിക്കുന്ന പരിഗണന കണ്ടപ്പോൾ ഏറെ സന്തോഷം തോന്നിയെന്നും പത്മജ പറഞ്ഞു.സ്ഥാനാർഥി അനിൽ കെ. ആന്റണിയുടെ തൊട്ടരികിൽ വേദിയുടെ മുൻനിരയിലാണ് പദ്മജയ്ക്ക് ഇന്നലെ സീറ്റ് ലഭിച്ചത്.