തൃശൂരിൽ പത്മജ വേണുഗോപാൽ യുഡിഎഫ് പരിഗണനയിൽ. ഇതുസംബന്ധിച്ചു കോൺഗ്രസ് നേതൃത്വത്തിൽനിന്നു സൂചനകൾ ലഭിച്ചതായി പത്മജ വേണുഗോപാൽ രാഷ്ട്രദീപികയോടു പറഞ്ഞു.
തൃശൂരിൽ യുഡിഎഫിന് അനുകൂല സാഹചര്യമാണ് ഉള്ളത്. തൃശൂരിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഒന്നടങ്കം തന്നെ പിന്തുണയ്ക്കുന്നുവെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്.
കഴിഞ്ഞ തവണ ഞാൻ തോറ്റുപോയതിലുള്ള വിഷമം പൊതുവേ വോട്ടർമാർക്കുണ്ട്. ഇത്തവണ അവരെന്നെ വിജയിപ്പിക്കുമെന്ന് ഉറപ്പുണ്ട്. ഔദ്യോഗികമായി സ്ഥാനാർഥി പ്രഖ്യാപനം വന്നിട്ടില്ല.
മത്സരിക്കുകയാണെങ്കിൽ തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രമേ മത്സരിക്കൂവെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
യുഡിഎഫിന് ഭരണം ലഭിക്കുമെന്നു തന്നെയാണ് ഉറച്ചു പ്രതീക്ഷിക്കുന്നത്. അടുത്തിടെ വന്ന സർവേകളിലൊന്നും വിശ്വസിക്കുന്നില്ല. ബിജെപിക്കു പൊതുവേ മണ്ഡലത്തിൽ സ്വാധീനം കുറഞ്ഞിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ബിജെപിക്കു തൃശൂരിൽ വോട്ട് നന്നായി കുറഞ്ഞിരുന്നെന്നും – പത്മജ വേണുഗോപാൽ പറയുന്നു.
അതേസമയം, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഐയുടെ വനിതാ നേതാവുമായ ഷീല വിജയകുമാർ എൽഡിഎഫ് സ്ഥാനാർഥി ആയും മുൻ തൃശൂർ കോർപറേഷൻ കൗൺസിലറും മുതിർന്ന മാധ്യമപ്രവർത്തകയുമായ എം.എസ്. സന്പൂർണ ബിജെപി സ്ഥാനാർഥി ആയും മത്സരരംഗത്തുവരാനുള്ള സാധ്യതയുണ്ട്.