പത്തനംതിട്ട: സിപിഎം ജില്ലാ കമ്മിറ്റിയംഗം മുന്‍ എംഎല്‍എ എ. പത്മകുമാറിന്റെ വിവാദ പ്രസ്താവനള്‍ സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ സിപിഎം ജില്ലാ കമ്മിറ്റിയോഗം നാളെ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ നടക്കുന്ന യോഗത്തിൽ പത്മകുമാറിനെതിരേ നടപടി ഉണ്ടാകുമെന്നാണു സൂചന. പുറത്താക്കല്‍ ഉണ്ടാകില്ലെങ്കിലും തരംതാഴ്ത്തല്‍ അടക്കമുള്ള നടപടികള്‍ പ്രതീക്ഷിക്കുന്നു.
സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഉൽപ്പെടുത്താത്തതിൽ പ്രതിഷേധിച്ചായിരുന്നു പത്മകുമാറിന്റെ പരസ്യ പ്രസ്താവനകൾ. ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതിഷേധം അറിയിച്ച പത്മകുമാര്‍ തന്റെ നിലപാടില്‍ ഉറച്ചുനിൽക്കുകയാണെന്നാണ് ഇന്നലെയും പറഞ്ഞത്. എന്നാൽ, മയപ്പെട്ടരീതിയിലായിരുന്നു പത്മകുമാറിന്റെ ഇന്നത്തെ പ്രസ്താവന.
വൈകാരികമായി പ്രതികരിച്ചു പോയതാണെന്നും പരസ്യപ്രസ്താവന തെറ്റായിപ്പോയെന്നും പത്മകുമാർ പറഞ്ഞു. പാർട്ടി എന്ത് അച്ചടക്കനടപടി എടുത്താലും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അനുനയ നീക്കങ്ങളുമായി ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമും സെക്രട്ടേറിയറ്റംഗം പി.ബി. ഹര്‍ഷകുമാറും ഇന്നലെ പത്മകുമാറിനെ കണ്ടിരുന്നു.
പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളും ഒഴിയുകയാണെന്ന് ആദ്യം പ്രഖ്യാപിച്ച പദ്മകുമാർ അതില്‍നിന്നു പിന്നീടു പിന്നാക്കം പോയി. നാളത്തെ ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയുമെങ്കില്‍ അവിടെ അഭിപ്രായം രേഖപ്പെടുത്താനാണ് പത്മകുമാറിന്റെ തീരുമാനം. എന്നാല്‍ പത്മകുമാറിനെ യോഗത്തില്‍ പങ്കെടുപ്പിക്കുമോയെന്നതു സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം ഉണ്ടാകണം.
സിപിഎമ്മില്‍ 50 വര്‍ഷം പ്രവര്‍ത്തന പരിചയമുള്ള തന്നെ തഴഞ്ഞ് ഒമ്പതു വര്‍ഷത്തെ പാര്‍ലമെന്ററി പാരന്പര്യം മാത്രമുള്ള വീണാ ജോര്‍ജിനെ പരിഗണിച്ചതാണ് പത്മകുമാറിനെ ചൊടിപ്പിച്ചത്. പാര്‍ട്ടി നടപടിയെ ഭയക്കുന്നില്ലെന്നും അച്ചടക്ക നടപടി പ്രതീക്ഷിച്ചുതന്നെയാണു പ്രതികരിച്ചതെന്നും എന്നാല്‍ സിപിഎം വിടില്ലെന്നും പത്മകുമാര്‍ പറഞ്ഞിരുന്നു. 75 വയസിലാണ് പാര്‍ട്ടിയിലെ റിട്ടയര്‍മെന്റ്. എന്നാല്‍ താന്‍ 66 ല്‍ വിരമിച്ചുവെന്ന് കരുതുകയെന്നും പത്മകുമാര്‍ പറഞ്ഞു.
മന്ത്രി വീണാ ജോര്‍ജിനെ സിപിഎം സംസ്ഥാന സമിതിയില്‍ സ്ഥിരം ക്ഷണിതാവാക്കിയ തീരുമാനം വന്നതിനു പിന്നാലെ കൊല്ലത്തെ സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോരികയും ഫേസ്ബുക്ക് പോസ്റ്റിടുകയുമായിരുന്നു.
“എസ്ഡിപിഐയില്‍ പോയാലും ബിജെപിയിലേക്കില്ല’
പത്തനംതിട്ട: സിപിഎം ജില്ലാ കമ്മിറ്റിയംഗം മുന്‍ എംഎല്‍എ എ. പത്മകുമാറിനെ ബിജെപി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്, ജനറല്‍ സെക്രട്ടറി പ്രദീപ് അയിരൂര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. സിപിഎം സംസ്ഥാന സമ്മേളനത്തേ തുടര്‍ന്ന് വിവാദ പ്രസ്താവന നടത്തി പാര്‍ട്ടിയുമായി അഭിപ്രായവ്യത്യാസത്തിലായ പത്മകുമാറിനെ ബിജെപിയിലേക്ക് ക്ഷണിക്കാനായിരുന്നു സന്ദര്‍ശനമെന്നാണു സൂചന.
ബിജെപി നേതാക്കള്‍ തന്നെ കണ്ടിരുന്നത് സ്ഥിരീകരിച്ച പത്മകുമാര്‍ എസ്ഡിപിഐയില്‍ ചേരേണ്ട സാഹചര്യമുണ്ടായാലും ബിജെപിയിലേക്കില്ലെന്നു വ്യക്തമാക്കി. ബിജെപി ജില്ലാ പ്രസിഡന്റിനെ ഇക്കാര്യം അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി