പത്തനംതിട്ട: മന്ത്രി വീണ ജോര്‍ജിനെ സിപിഎം സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയതിനെതിരേ പരസ്യ പ്രതികരണം നടത്തി സംസ്ഥാന സമ്മേളനം ബഹിഷ്കരിച്ച മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ പുതിയ ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കി.
1991 ല്‍ കോന്നി എംഎല്‍എ ആയതു മുതല്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ തുടര്‍ന്ന പത്മകുമാര്‍ കഴിഞ്ഞ കൊല്ലം സംസ്ഥാന സമ്മേളനത്തോടെ സംസ്ഥാന നേതൃത്വത്തിന് അനഭിമതനായെങ്കിലും ജില്ലാ ഘടകത്തിന് അദ്ദേഹത്തെ തള്ളിക്കളയാനാകില്ലെന്നാണ് സൂചന.
ജില്ലാ സമ്മേളനത്തിനുശേഷമുള്ള സെക്രട്ടേറിയറ്റ് രൂപീകരണം ഇന്നലെ ആയിരുന്നു. പത്മകുമാറിന് ഒഴിവാക്കിയെങ്കിലും അദ്ദേഹത്തിനു പകരം ആരെയും ഉള്‍പ്പെടുത്തിയിട്ടില്ലെന്നതു ശ്രദ്ധേയമാണ്. റാന്നി ഏരിയയില്‍ നിന്ന് കോമളം അനിരുദ്ധനെയും അടൂര്‍ ഏരിയയില്‍ നിന്ന് സി. രാധാകൃഷ്ണനെയും ജില്ലാ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തി.
പ്രായപരിധി പിന്നിട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് മുന്‍ സെക്രട്ടറി കെ.പി. ഉദയഭാനുവിനെയും നിര്മലാദേവിയെയും ഒഴിവാക്കിയതിന് പകരമാണ് കോമളം അനിരുദ്ധനെയും രാധാകൃഷ്ണനെയും ഉള്‍പ്പെടുത്തിയത്. ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റാണ് കോമളം അനിരുദ്ധന്. കെഎസ്കെടിയു സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ് സി. രാധാകൃഷ്ണന്.
കൊല്ലം സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ പ്രതിഷേധിച്ച് പത്മകുമാര്‍ ഫെയ്സ് ബുക്ക് പോസ്റ്റിടുകയും നേതൃത്വത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. പത്മകുമാറിനെതിരേ അച്ചടക്ക നടപടിയുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് സൂചിപ്പിച്ചിരുന്നു.
സംഘടനയ്ക്കുള്ളില്‍ പറയേണ്ടത് താന്‍ പരസ്യമായി പറഞ്ഞത് തെറ്റായിപ്പോയെന്ന് പത്മകുമാര്‍ പിന്നീട് പ്രതികരിച്ചിരുന്നു. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്ന് പരസ്യമായും ജില്ലാ കമ്മിറ്റിയിലും പറഞ്ഞതോടെ കടുത്ത നടപടിയില്‍ നിന്ന് ഒഴിവാക്കിയതാണെന്ന് അറിയുന്നു.
പത്മകുമറിനു പകരം ഡിവൈഎഫ്ഐ മുന്‍ ജില്ലാ ഭാരവാഹികളായ കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, പി. ബി. സതീഷ് കുമാര്‍, പത്തനംതിട്ട ഏരിയാ സെക്രട്ടറി എം.വി. സഞ്ജുഎന്നിവരെ പരിഗണിച്ചതായും സൂചനയുണ്ട്. രാജു ഏബ്രഹാം, ടി.ഡി. ബൈജു, പി.ആര്. പ്രസാദ്, പി.ബി. ഹര്‍ഷകുമാര്‍, ആര്. സനല്‍കുമാര്‍, ഓമല്ലൂര്‍ ശങ്കരന്, പി.ജെ. അജയകുമാര്‍, സി.രാധാകൃഷ്ണന്, കോമളം അനിരുദ്ധന് എന്നിവരാണ് പുതിയ ജില്ലാ സെക്രട്ടേറിയറ്റിലുള്ളത്.