
മങ്കൊമ്പ് : പ്രളയം യാത്രാമാർഗങ്ങളടച്ചതുമൂലം കുട്ടനാട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പ്രവാസി ചികിൽസകിട്ടാതെ മരിച്ചു. ചെങ്ങന്നൂർ പുലിയൂർ ചേരിയിൽ വടക്കേതിൽ പരേതനായ രാമകൃഷ്ണൻനായരുടെ മകൻ പത്മകുമാറാ (53) ണ് മരിച്ചത്.
ഷാർജയിൽ ജോലിചെയ്തിരുന്ന പത്മകുമാർ അഞ്ചു ദിവസം മുൻപാണ് ഭാര്യ ജയശ്രീ, 12 വയസുള്ള മകൾ ഐശ്വര്യ എന്നിർക്കൊപ്പം നാട്ടിലെത്തിയത്. തുടർന്ന് ഭാര്യയുടെ രാമങ്കരിയിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
ഇന്നലെ പുലർച്ചെ 3.45 ഓടെ ഇദ്ദേഹത്തിനു ശ്വാസതടസവും, മറ്റു അസ്വസ്ഥതകളും അനുഭവപ്പെട്ടു. ഭാര്യാസഹോദരനും, പിതാവും ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുന്നതിനായി വാഹനങ്ങൾക്കായി ഏറെ പരിശ്രമിച്ചെങ്കിലും നടന്നില്ല.
റോഡുകളെല്ലാം വെള്ളത്തിനടിയിലായതിനാൽ വാഹനങ്ങളൊന്നും ഇറക്കാൻ പറ്റുമായിരുന്നില്ല. തുടർന്ന് ഒരു ബന്ധുവഴി ഗ്രാമപഞ്ചായത്തംഗത്തെ വിവരമറിയിച്ചതനുസരിച്ച് നേരം പുലർന്നശേഷം ഒരു ടോറസ് ലോറി എത്തിച്ചു.
എന്നാൽ ലോറിയുടെ പ്ലാറ്റഫോമിന് ഉയരം കൂടുതലായതിനാൽ രോഗിയെ ഇതിൽ കയറ്റാനായില്ല. തുടർന്ന് എസി റോഡിലെത്തി നടത്തിയ അന്വേഷണത്തിനൊടുവിൽ കിട്ടിയ ട്രാക്ടറിൽ മാമ്പുഴക്കരിയിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും പ്രളയത്തെത്തുടർന്ന് ആശുപത്രി അടച്ചിരുന്നു.
ഇതെത്തുടർന്ന് ഒൻപതോടെ ട്രാക്ടറിൽ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രോഗിയെ പരിശോധിച്ച ഡോക്ടർമാർ ഹൃദയാഘാതമാണെന്നും നില ഗുരുതരമാണെന്നും അറിയിച്ചു. പ്രാഥമിക ചികിൽസ നൽകുന്നതിനിടെ ഒൻപതരയോടെ മരണം സംഭവിക്കുകയായിരുന്നു.