വെഞ്ഞാറമൂട് : നെല്ലനാട് പഞ്ചായത്തിൽ വള്ളിക്കാട് ചരുവിള പുത്തൻവീട്ടിൽ പത്മകുമാരിയമ്മ(79)യ്ക്ക് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം ഡി.കെ.മുരളി എംഎൽഎ നിർവഹിച്ചു.
പത്മകുമാരിയമ്മയുടെ ദുരിത ജീവിതം ദീപിക കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. മണ്ണ് കൊണ്ടുണ്ടാക്കിയ വീട്ടിൽ ഭർത്താവ് പ്രഭാകരൻ പിള്ളയുടെ മരണ ശേഷം ഒറ്റക്കാണ് പത്മകുമാരിയമ്മ കഴിഞ്ഞിരുന്നത്.
ദിവസങ്ങൾക്കു മുന്പ് പെയ്ത ശക്തമായ മഴയിൽ വീട് ഭാഗികമായി തകർന്നതോടെ വീട് എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴുന്ന നിലയിലായിരുന്നു.
പത്മകുമാരിയമ്മയുടെ ദുരിത ജീവിതം പുറത്തു വന്നതോടെ വെഞ്ഞാറമൂട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.എ. റൈസ് ഇവരുടെ വീട് സന്ദർശിക്കുകയും പുനർ നിർമാണ പ്രവർത്തികൾ ചെയ്തു നൽകാമെന്നും ഉറപ്പ് നൽകിയിരുന്നു.
തുടർന്ന് വീടിന്റെ തകർന്ന ഓടുമേഞ്ഞ മേൽക്കൂര മാറ്റി പൂർണമായും ഷീറ്റിടുകയും ഭാഗികമായി തകർന്ന വീടിന്റെ ചുവരുകൾ നീക്കം ചെയ്തു പുനർ നിർമിക്കുകയും അടച്ചുറപ്പുള്ള വാതിലുകൾ സ്ഥാപിക്കുകയും ചെയ്തു.
ഇന്നലെ നടന്ന ചടങ്ങിൽ ഡി.കെ. മുരളി എംഎൽഎ വീടിന്റെ താക്കോൽ പത്മകുമാരിയമ്മക്ക് കൈമാറി. വെഞ്ഞാറമൂട് സി ഐ വി.കെ. വിജയരാഘവൻ, വെഞ്ഞാറമൂട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.എം. റൈസ്, സെക്രട്ടറി എസ്.വിമല, ബോർഡ് അംഗങ്ങളായ ബാബുരാജ്, ജയൻ, ബിനു അമ്പലംമുക്ക്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ ഷജിൻ, സുധീർ, ജനമൈത്രി പോലീസ് കോ-ഒാർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട്, രാജേന്ദ്രൻ നായർ, നെല്ലനാട് ശശി എന്നിവർ പങ്കെടുത്തു.