തിരുവനന്തപുരം: ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനം നടപ്പാക്കണമെന്ന സുപ്രീംകോടതി വിധിയിൽ സാവകാശ ഹർജി നൽകാൻ ദേവസ്വം ബോർഡ് തത്വത്തിൽ തീരുമാനിച്ചു. വ്യാഴാഴ്ച രാത്രി ചേർന്ന യോഗത്തിലാണു തീരുമാനം.
ഇതു സംബന്ധിച്ച അന്തിമ തീരുമാനം വെള്ളിയാഴ്ച രാവിലെ ഒന്പതിനു ചേരുന്ന ബോർഡ് യോഗത്തിൽ ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ പറഞ്ഞു. സുപ്രീംകോടതി വിധി പകർപ്പുകൾ രേഖാമൂലം ലഭിച്ചിട്ടില്ല. വെള്ളിയാഴ്ച രാവിലെ എട്ടോടെ അവ ലഭിക്കും. അതിനുശേഷം ചേരുന്ന ബോർഡ് യോഗത്തിൽ സാവകാശ ഹർജി നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കും.
പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്നതുവരെ യുവതീ പ്രവേശനം നടപ്പാക്കുന്ന കാര്യത്തിൽ സാവകാശം ലഭിക്കുമോയെന്നറിയുന്നതിനാണ് ദേവസ്വം ബോർഡ് ഹർജി നൽകുന്നത്. മുഖ്യമന്ത്രിയുമായി തന്ത്രി കുടുംബം, രാഷ്ട്രീയ കക്ഷികൾ തുടങ്ങിയവരെല്ലാം ദേവസ്വം ബോർഡ് ഉത്തരവാദിത്തം നടപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടത്. ദേവസ്വം ബോർഡ് ഉത്തരവാദിത്തം നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.