കൊച്ചി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്ര പരിസരത്തു ചിക്കന്‍ ബിരിയാണി വിളമ്പിയ സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി വേണമെന്നു ഹൈക്കോടതി.
ഇക്കാര്യത്തില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, പി.ജി. അജിത്കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
ഇതുപോലുള്ള സംഭവങ്ങള്‍ അനുവദിക്കാനാകില്ലെന്നു വ്യക്തമാക്കിയ കോടതി ചീഫ് വിജിലന്‍സ് ഓഫീസറുടെ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാണ് നടപടിക്കു നിര്‍ദേശിച്ചത്.
ജീവനക്കാരന്റെ മകന് ജോലി കിട്ടിയതിന്റെ പേരില്‍ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിലെ ഡൈനിംഗ് റൂമില്‍ ബിരിയാണി സദ്യ നടത്തിയത് ആചാരലംഘമാണെന്നടക്കം ചൂണ്ടിക്കാട്ടി ഒരുകൂട്ടം വിശ്വാസികള്‍ നല്കിയ ഹര്‍ജി തീര്‍പ്പാക്കിയാണു ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
ക്ഷേത്രഭൂമിയില്‍ കൈയേറ്റമുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.