പയ്യന്നൂര്‍(കണ്ണൂർ): സദാചാര ഗുണ്ടകൾ സിപിഐ (എംഎൽ) നേതാവിന്റെ കാൽ അടിച്ചുതകർത്തു. സിപിഐ (എംഎല് റെഡ് ഫ്ലാഗ്) കണ്ണൂര്‍ ജില്ലാകമ്മിറ്റിയംഗമായ രാമന്തളി കുരിശുമുക്കിലെ പി.വി.പത്മനാഭനാണ്(45) സദാചാരഗുണ്ടകളുടെ ആക്രമണത്തിനിരയായത്. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ച പത്മനാഭനെ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്നലെ രാത്രി പത്തരയോടെ പ്രമാഞ്ചേരിക്കാവ്-കുന്നരു റോഡിലെ കലുങ്കിന് സമീപമാണ് സംഭവം.നാല് യുവാക്കള്‍ ചേര്‍ന്നാണ് തന്നെ ആക്രമിച്ചതെന്ന് പത്മനാഭന് പറയുന്നു.നിര്‍മാണ തൊഴിലാളിയായ പത്മനാഭന് ജോലികഴിഞ്ഞ് വന്നശേഷം കുന്നരു വടക്കേ ഭാഗത്ത് സഹോദരിയോടൊപ്പം താമസിക്കുന്ന അമ്മ പാര്‍വതിയെ കണ്ട് തിരിച്ച് വരുമ്പോഴായിരുന്നു ആക്രമണം.
അമ്മയെ കാണുന്നതിനായി പോകുമ്പോള്‍ തന്നെ എങ്ങോട്ടു പോകുന്നുവെന്ന് യുവാക്കള്‍ ചോദിച്ചെങ്കിലും പത്മനാഭന് ഗൗനിച്ചില്ല. തിരിച്ചു വരുമ്പോള്‍ നാല് യുവാക്കളും ചേര്‍ന്ന് ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് ഇരുമ്പുവടിയും മറ്റും ഉപപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഈ പ്രദേശങ്ങളിൽ മദ്യ-മയക്കുമരുന്ന് മാഫിയകൾ തന്പടിക്കാറുണ്ട്.