സിനിമയിൽ നിന്നു ദീർഘനാളത്തെ ഇടവേളയെടുത്ത പത്മപ്രിയ മധുപാൽ ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുന്നു. ഒരു രാത്രിയുടെ കൂലി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സെക്സ് വർക്കറായാണ് താരം എത്തുന്നത്. പി എഫ് മാത്യൂസിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയാക്കിയ വിവരം സംവിധായകനായ മധുപാലാണ് പുറത്തുവിട്ടിട്ടുള്ളത്.
കാശ് കിട്ടാതെ വരുന്ന ഒരു ദിവസം കസ്റ്റമറിനെ തേടിപ്പോകുന്നതിനിടയിൽ അപകടം സംഭവിക്കുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ട് നയിക്കുന്നത്. ചിത്രത്തിൽ പത്മപ്രിയയുടെ പെർഫോമൻസ് ഗംഭീരമാണെന്നാണ് സംവിധായകൻ പറയുന്നത്. കഴിവിന്റെ പരമാവധി നൽകിയിട്ടുണ്ട് പത്മപ്രിയ. ചെറിയ ചായക്കടയിൽ നിന്ന് ചായ കുടിച്ചും ആൾക്കാരോട് അനായാസം ഇടപഴകിയും മികച്ച പെർഫോമൻസാണ് താരം കാഴ്ചവച്ചത്. വിവാഹവും പഠനവുമൊക്കെയായി അമേരിക്കയിലായിരുന്ന താരം തിരിച്ചെത്തിയത് അടുത്തിടെയാണ്.