സിനിമാരംഗത്തെ കാസ്റ്റിംഗ് കൗച്ച് സംബന്ധിച്ചു താൻ പറഞ്ഞുവെന്ന തരത്തിൽ വരുന്ന വാർത്തകൾ വ്യാജമെന്നു നടി പത്മപ്രിയ. കേരളവും മലയാള സിനിമാരംഗവും എനിക്കു സ്വന്തം വീട് പോലെയാണ്. പ്രേക്ഷകരും സർക്കാരും സിനിമാരംഗത്തുള്ള സഹപ്രവർത്തകരുമെല്ലാം എന്നെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്തിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ചിന് എനിക്ക് ഇരയാകേണ്ടി വന്നിട്ടില്ല.
ഞാൻ പറഞ്ഞതായി മാധ്യമങ്ങളിൽ വരുന്ന വാർത്ത വാസ്തവ വിരുദ്ധമാണ്. ഒരു നടി എന്ന നിലയിൽ എന്റെ കഴിവു കൊണ്ടും സിനിമാരംഗത്തെ സഹപ്രവർത്തകരിൽ നിന്നുള്ള ബഹുമാനം കൊണ്ടും മാത്രമാണ് എനിക്ക് അവസരങ്ങൾ ലഭിച്ചത്. ഇത്തരം മാപ്പർഹിക്കാത്ത ഒരു അതിക്രമം സഹിക്കേണ്ടിവന്നവർ ആരായാലും ഇതിനെതിരേ ശബ്ദമുയർത്തിയേ പറ്റൂ. എന്റേതല്ലാത്ത, ഞാൻ അനുഭവിക്കാത്ത ഒരു കാര്യം സാക്ഷ്യപ്പെടുത്താൻ എനിക്കാവില്ല. അതുകൊണ്ട് മാധ്യമങ്ങളിൽ വന്ന വാർത്തയിൽ പ്രതിഫലിച്ചത് വിഷയത്തിലുള്ള എന്റെ നിലപാടല്ല. അത് വാസ്തവവിരുദ്ധവും കെട്ടിച്ചമച്ചതുമാണ്. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർ അതിൽ നിന്ന് പിന്തിരിയണം- പദ്മപ്രിയ പറയുന്നു.
ഇന്ത്യൻ സിനിമയിലെ മൊത്തം അവസ്ഥയെക്കുറിച്ചുള്ള പൊതുവായ ഒരു അഭിപ്രായമാണ് ഞാൻ നടത്തിയത്. ഒരു സിനിമാ പ്രവർത്തക എന്ന നിലയിൽ, കാസ്റ്റിങ് കൗച്ച് പോലുള്ള പ്രവണതകൾക്ക് വിധേയരാകേണ്ടിവന്നുവെന്ന് പറയുന്നവർക്കും അതിന് വിധേയരാവാൻ സാധ്യതയുള്ളവർക്കും, അവർ ആണുങ്ങളായാലും പെണ്ണുങ്ങളായാലും ശരി, അവർക്ക് പിന്നിൽ തന്നെ താൻ നിലയുറപ്പിക്കുമെന്നും പദ്മപ്രിയ പറയുന്നു.