ഗന്ധർവ സംവിധായകൻ പി. പത്മരാജന്റെ ഓർമകൾക്ക് ഇന്ന് 34 വയസ്. മലയാള സിനിമയ്ക്കും സാഹിത്യലോകത്തിനും മുതുകുളം ഞവരയ്ക്കൽ തറവാടിനും വലിയ ശൂന്യത അവശേഷിപ്പിച്ചാണ് 34 വർഷം മുമ്പ് പപ്പേട്ടൻ കടന്നുപോയത്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഓർമകളുമായി ഓണാട്ടുകരയിലെ മുതുകുളം ഗ്രാമത്തിൽ ഇപ്പോഴും ആ ഗന്ധർവസാന്നിധ്യമുണ്ട്.
ദീർഘകാലം നഗരങ്ങളിൽ കഴിഞ്ഞിട്ടും കഥയും കഥാപാത്രങ്ങളെയും തേടി അദ്ദേഹത്തിന്റെ മനസ് സഞ്ചരിച്ചത് മുതുകുളം ഗ്രാമത്തിന്റെ ഇടവഴികളിലൂടെയായിരുന്നു. അതിനാൽ പത്മരാജന്റെ കഥാപാത്രങ്ങളിലെ പലരെയും ഗ്രാമത്തിലെ ഇടവഴികളിൽ കണ്ടുമുട്ടാൻ സാധിക്കുമായിരുന്നു.
വാണിയൻകുഞ്ചുവിന്റെ മകൻ രാമനും തകരയിലെ ചെല്ലപ്പൻ ആശാരിയും….അങ്ങനെ നൂറുനൂറ് കഥാപാ ത്രങ്ങൾക്ക് സ്വന്തം ഗ്രാമത്തിൽ നിന്ന് ജന്മം നല്കിയ അദ്ദേഹം ഭൂമിയിൽ നിന്നല്ലാത്ത ഒരു കഥാപാത്രത്തെ മാത്രമേ സൃഷ്ടിച്ചുള്ളു. അതാണ് അവസാന സിനിമയിലെ ഗഗനചാരിയായ ഗന്ധർവൻ.
പെരുവഴിയമ്പലം, ഇതാ ഇവിടെ വരെ, വാടകയ്ക്ക് ഒരു ഹൃദയം, കള്ളൻ പവിത്രൻ, രതിനിർവേദം തുടങ്ങിയ സിനിമകളിലെല്ലാം അരപ്പട്ടകെട്ടിയ ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകളായിരുന്നു. 1960ൽ 20ാം വയസിൽ ആദ്യകഥയുമായി മലയാള സാഹിത്യത്തിൽ സാന്നിധ്യമറിയിച്ച അദ്ദേഹം അമേരിക്ക കാണാതെ അമേ രിക്കൻ ഐക്യനാടുകളുടെ പശ്ചാത്തലമൊരുക്കി.
ലോല വിൽഫ്രോഡ് എന്ന കൃതിയിലൂടെ തീഷ്ണമായ കൗമാര പ്രണയകഥ രചിച്ചു. 25ാം വയസിൽ പ്രസിദ്ധീകരിച്ച നക്ഷത്രങ്ങളെ കാവൽ എന്ന സമ്പൂർണ നോവലിന് കേരള സാഹിത്യ അവാർഡ് ലഭിച്ചു. 1975ൽ ഭരൻ സംവിധാനം ചെയ്ത
പ്രയാണം എന്ന ചിത്രത്തിന് തിരക്കഥയെഴുതിയാണ് പത്മരാജന്റെ സിനിമാപ്രവേശം.
1979ൽ പെരുവഴിയമ്പലം എന്ന ചിത്രം സംവിധാനം ചെയ്ത് മികവുപ്രകടമാക്കിയ അദ്ദേഹത്തിന് ദേശീയബഹുമതികൾ ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. പത്മരാജന്റെ ഇന്നലെ, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, ഒരിടത്തൊരു ഫയൽവാൻ, കൂടെവിടെ, അപരൻ, മൂന്നാംപക്കം, തൂവാനത്തുമ്പികൾ, ദേശാടനക്കിളി കരയാറില്ല, ഒരു കരിയിലക്കാറ്റുപോലെ തുടങ്ങിയ സിനി മകൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്.
വീണ്ടും ഓർമകളുടെ സുഗന്ധംപേറി ഗന്ധർവകഥകൾ പങ്കുവയ്ക്കാൻ ഇന്ന് മുതുകുളം ഞവരയ്ക്കൽ തറവാട്ടുമുറ്റത്ത് പത്മരാജന്റെ ശിഷ്യഗണങ്ങളും സുഹൃത്തുക്കളും ആസ്വാദകരും ചലച്ചിത്രപ്രവർത്തകരും ഒത്തുകൂടുകയാണ്.
- നൗഷാദ് മാങ്കാംകുഴി