ചാത്തന്നൂർ: മലദൈവങ്ങളെ സാക്ഷിയാക്കി കാട് ഭരിച്ചിരുന്ന കാട്ടരചൻമാർ നേരും നെറിയുമുളളവരായിരുന്നെന്ന് കാട്ടിലെ മഹാരാജാവായിരുന്ന ഊരുമൂപ്പൻ ശതങ്കൻ കാണിയും കൊച്ചുമകൾ പത്മശ്രീ ലക്ഷ്മിക്കുട്ടിയും പറഞ്ഞു. പാരിപ്പളളി സംസ്കാര പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സെന്ററിലെ സാന്ത്വന പരിചരണ രോഗികളെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അവർ.തന്റെ ബാല്യകാലത്ത് ആദിവാസി പെൺകുട്ടികൾ പഠിക്കുന്നത് കാട്ടാചാരത്തിന് എതിരായിരുന്നു.
നാട്ടുരാജാവിന്റെ അനുമതിയോടെ തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ കല്ലാറിലെ കുതിരാലയത്തിൽ ആരംഭിച്ച സ്കൂളിൽ നിന്നും ലഭിച്ച എട്ടാം ക്ലാസ് വിദ്യാഭ്യാസമാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്ന് ലക്ഷ്മിക്കുട്ടിയമ്മ അനുസ്മരിച്ചു.
സംസ്കാര ഭവനിൽ സാന്ത്വന പരിചരണ രോഗികൾക്ക് വിശ്രമിക്കാനായി വേളമാനൂർ ശിവശങ്കര വിലാസത്തിൽ എസ്.ഉണ്ണികൃഷ്ണ പിളള പണികഴിപ്പിച്ച പന്തലിന്റെ ഉദ്ഘാടനവും ലക്ഷ്മിക്കുട്ടിയമ്മ നിർവഹിച്ചു.
അഞ്ഞൂറിലേറെ പച്ചമരുന്നുകൾ മനഃപാഠമാക്കിയ വൈദ്യരമ്മ രോഗികൾക്ക് സ്നേഹവും സാന്ത്വനവും പകർന്ന് നൽകിയതോടൊപ്പം അവരുടെ സംശയങ്ങൾക്ക് മറുപടിയും നൽകി.രോഗികൾക്കായി താൻ രചിച്ച കവിതകളും ചൊല്ലി.
സംസ്കാര പ്രസിഡന്റ് ജി.രാജീവ് അദ്ധ്യക്ഷനായി നടന്ന അനുമോദന സമ്മേളനത്തിൽ ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് സ്നേഹോപകാരം നൽകി ആദരിച്ചു. കൊല്ലം പെയിൻ ആന്റ്പാലിയേറ്റീവ് കെയർ ട്രസ്റ്റ് സെക്രട്ടറി എൻ.എം.പിളള,ഡോ.പുഷ്പലതാദേവി,കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തംഗം എൻ.ശാന്തിനി,കനകമ്മഅമ്മ, സംസ്കാര സെക്രട്ടറി ആർ.രാധാകൃഷ്ണൻ,ട്രഷറർ സി.സതീഷ് ബാബു,എന്നിവർ പ്രസംഗിച്ചു.