മുംബൈ: ഏറെ വിവാദങ്ങൾക്കൊടുവിൽ റിലീസ് ചെയ്ത സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് സിനിമ പദ്മാവത് 200 കോടി ക്ലബ്ബിൽ ഇടം നേടി. ജനുവരി 25 നു സിനിമ റിലീസ് ചെയ്ത അന്നുമുതലുള്ള പദ്മാവതിന്റെ കളക്ഷൻ 212.5 കോടിയിലെത്തിയതായാണ് പുതിയ കണക്കുകൾ. റിലീസായി ആദ്യത്തെ നാലു ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ കടന്നിരുന്നു.
ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് ആരോപിച്ച് സിനിമയുടെ റിലീസിംഗിനുമുന്പ് രജപുത് സംഘടനകൾ പ്രക്ഷോഭം തുടങ്ങിയിരുന്നു. എന്നാൽ, ആരോപണങ്ങൾ ബൻസാലി നിഷേധിച്ചിരുന്നു. സിനിമ റിലീസ് ചെയ്തതിനു പിന്നാലെ കർണിസേനയിലെ ഒരു വിഭാഗം സമരത്തിൽനിന്നു പിന്മാറിയതു പ്രക്ഷോഭർക്കു തിരിച്ചടിയായി.
മേവാറിലെ രാജ്ഞിയായ പദ്മാവതിയുടെ കഥ തന്നെയാണ് പത്മാവതിലൂടെ ബന്‍സാലി പറയുന്നത്. സൂഫി കവിയായ മല്ലിക് മുഹമ്മദ് ജായ്സി 1540ല്‍ എഴുതിയ കവിതയെ ആസ്പദമാക്കിയാണ് പദ്മാവത് ഒരുക്കിയിരിക്കുന്നത്.