ഗുഡ്ഗാവ് (ഹരിയാന): പത്മാവതി സിനിമ നിർമാതാവ് സഞ്ജയ് ലീല ബൻസാലി, നായിക ദീപിക പദുക്കോൺ എന്നിവരെ വധിക്കാൻ ആഹ്വാനം ചെയ്ത ബിജെപി നേതാവിനെതിരേ കേസെടുത്തു. ബൻസാലിയുടെയും ദീപികയുടെയും തല കൊയ്യുന്നവർക്ക് 10 കോടി രൂപ ഇനാം പ്രഖ്യാപിച്ച ഹരിയാനയിലെ ബിജെപി നേതാവ് സൂരജ്പാൽ സിങ് അമുവിനെതിരേയാണ് ഗുഡ്ഗാവ് പോലീസ് കേസെടുത്തിട്ടുള്ളത്.
ബൻസാലിയുടെ ആരാധകനും ഛത്തർപൂർ സ്വദേശിയുമായ പവൻകുമാർ എന്നയാൾ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. രാജ്യത്തെ പ്രമുഖരായ രണ്ടു വ്യക്തികൾക്കെതിരേ വധഭീഷണി മുഴക്കുകയും വൻതുക ഇനാം പ്രഖ്യാപിക്കുകയും ചെയ്തിട്ടും പെറ്റിക്കേസ് പോലും എടുക്കാത്ത പോലീസിനും ഭരണകൂടത്തിനുമെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
രാജ്യത്തിനു വെളിയിലും വാർത്ത വിവാദമായിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനെതിരേ ഒരു വാക്കുപോലും ഉരിയാടിയിട്ടില്ല. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറ്റവാളികളെ അനുകൂലിക്കുന്ന നിലപാട് എടുക്കുകയും ചെയ്തു. നേതാക്കന്മാരുടെ ഇത്തരം നിലപാടുകൾ അക്രമികൾക്കു പ്രോത്സാഹനമാകുകയും ചെയ്തു.
പോലീസിൽ പരാതി വന്നതിനാൽ കേസെടുക്കാതിരിക്കാൻ ആവില്ലെന്നും അതുകൊണ്ടുമാത്രമാണ് ഇപ്പോൾ ഗുഡ്ഗാവ് പോലീസ് കേസെടുത്തതെന്നും വ്യക്തമാണ്. ഹരിയാന പോലീസിന്റെ തുടർനടപടികളെക്കുറിച്ച് പക്ഷേ, സിനിമയെ അനുകൂലിക്കുന്നവർക്കും കൊലവെറിയെ എതിർക്കുന്നവർക്കും വലിയ പ്രതിക്ഷയില്ലെന്നുള്ളതാണ് വസ്തുത.
അതേസമയം, പദ്മാവതി സിനിമ താൻ കാണില്ലെന്നും മറ്റുള്ളവരെ കാണാൻ അനുവദിക്കില്ലെന്നും പറഞ്ഞ് ബിജെപി നേതാവ് അമു വിവാദം കൊഴുപ്പിച്ചുകൊണ്ടിരിക്കുകയാണ്. പദ്മാവതി സിനിമ ആരെയും അവഹേളിച്ചിട്ടില്ലെന്നും സിനിമാവിവാദം സർക്കാരിന്റെ പരാജയം മറച്ചുവെക്കാൻ ബിജെപി സംസ്ഥാനത്ത് ഉപയോഗിക്കുകയാണെന്നും സമാജ്വാദി പാർട്ടി നേതാക്കൾ വിമർശിച്ചു.
ഒരു സിനിമ പ്രദർശിപ്പിക്കപ്പെട്ടതുകൊണ്ട് ചരിത്രവസ്തുതയെ തകർക്കാനാവുമെന്ന് കരുതുന്നില്ലെന്ന് എസ്പി നേതാവ് അസംഖാനും പ്രതികരിച്ചു. മുഗൾ ഇ അസം പോലുള്ള സിനിമകൾ ഇവിടെ മുസ്!ലിങ്ങളുടെ പ്രതിഷേധമില്ലാതെ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. അത് മുസ്ലിങ്ങളുടെ ഹൃദയവിശാലത കൊണ്ടാണെന്നും അസംഖാൻ പറഞ്ഞു.