ന്യൂഡൽഹി: വിവാദചിത്രം പദ്മാവതിന്റെ പേരിൽ സ്കൂൾ കുട്ടികൾക്കു നേരെ കർണി സേന നടത്തിയ ആക്രമണത്തിൽ വ്യാപക പ്രതിഷേധം. കുട്ടികൾക്കെതിരായ അതിക്രമങ്ങളെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യം മുഴുവൻ തീ പടർത്താൻ ബിജെപി വെറുപ്പിനെയും അക്രമത്തെയും ഉപയോഗിക്കുകയാണെന്നു കുറ്റപ്പെടുത്തിയ അദ്ദേഹം, വെറുപ്പും അക്രമവും ദുർബലരുടെ ആയുധമാണെന്നും ട്വീറ്റ് ചെയ്തു. ഗുഡ്ഗാവിലെ ജിഡി ഗോയെങ്ക വേൾഡ് സ്കൂൾ ബസിനു നേരെയാണ് കർണി സേനക്കാർ ആക്രമണം നടത്തിയത്.
സിനിമയ്ക്കെതിരെ പ്രതിഷേധപ്രകടനം നടക്കുന്നതിനിടെ സമീപത്തു കൂടെ പോയ ബസിനു നേരെ അക്രമികൾ കല്ലേറു നടത്തുകയായിരുന്നു. ആറു മുതൽ പതിനേഴു വയസുവരെയുള്ള കുട്ടികൾ യാത്രചെയ്തിരുന്ന ബസിനുനേരെയാണ് കർണി സേന ആക്രമണം അഴിച്ചുവിട്ടത്.
ആൾക്കൂട്ടം ബസിനു നേരെ കല്ലെറിയുകയും ചില്ലുകൾ അടിച്ചു പൊട്ടിക്കുകയും ചെയ്തു. അക്രമം ആരംഭിച്ചതിനു പിന്നാലെ കുട്ടികൾ ബസിൽ പതുങ്ങിക്കിടക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ എഎൻഐ വാർത്താ ഏജൻസി പുറത്തുവിട്ടു. സംഭവം നടക്കുന്പോൾ പോലീസ് സമീപത്തുണ്ടായിരുന്നെങ്കിലും അക്രമികളെ തടയാൻ ശ്രമിച്ചില്ലെന്ന് അധ്യാപകർ പരാതിപ്പെട്ടു.
സ്കൂളുകൾക്ക് അവധി
അക്രമങ്ങളുടെ പശ്ചാത്തലത്തിൽ പ്രദേശത്തെ ആറു സ്കൂളുകൾ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കുട്ടികളുടെ സുരക്ഷിത്വത്തിന്റെ പേരിലാണ് നടപടി. ഗുഡ്ഗാവിൽ 144 പ്രഖ്യാപിച്ചതായി ഡെപ്യൂട്ടി കമ്മീഷണർ വിനയ് പ്രതാപ് സിംഗ് പറഞ്ഞു. ഹരിയാന, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ സിനിമയുടെ പേരിൽ വൻ അക്രമ സംഭവങ്ങളാണു റിപ്പോർട്ട് ചെയ്തത്.
ഭീഷണിമുഴക്കി കർണിസേന
സിനിമയ്ക്ക് നിരോധനം ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന വിധി മറികടന്നും ചിത്രത്തിന്റെ പ്രദർശനം തടയുമെന്ന് രജപുത്ര കർണി സേന ഭീഷണി മുഴക്കിയിട്ടുണ്ട്. സിനിമയുടെ പ്രദർശനം എങ്ങനെയും തടയണമെന്നു കർണിസേന ആഹ്വാനം ചെയ്തു. ജനുവരി 25 വരും, പോകും;
എന്നാൽ, പദ്മാവത് പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് കർണിസേന തലവൻ ലോകേന്ദ്ര സിംഗ് കാൽവി ഭീഷണി മുഴക്കിയിരിക്കുന്നത്. ഇന്നു രാജ്യത്തെ 4,800 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രദർശനം തടയാനാകില്ലെന്നും കാണേണ്ടവർ മാത്രം പദ്മാവത് കണ്ടാൽ മതിയെന്നും തുറന്നടിച്ച കോടതി രാജ്യത്തെ ഒരു ഹൈക്കോടതികളും ഇനി ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കേണ്ടെന്നും ഉത്തരവിട്ടിരുന്നു.
ചരിത്രം വളച്ചൊടിക്കുന്നു
ചരിത്ര വസ്തുതകൾ വളച്ചൊടിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് ചിത്രത്തിനെതിരെ രജപുത് കർണിസേന ചിത്രത്തിനെതിരേ വൻതോതിലുള്ള പ്രതിഷേധമുയർത്തിയത്. വിവിധയിടങ്ങളിൽ തിയറ്ററുകൾ അടിച്ചു തകർത്ത സേന, ചിത്രം രാജ്യത്ത് പ്രദർശനത്തിനെത്തിയാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമെന്നും 16,000ലേറെ സ്ത്രീകൾ ജീവനൊടുക്കുമെന്നും വരെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
നിരവധിപ്പേർ അറസ്റ്റിൽ
ഗുജറാത്തിൽ നൂറോളം പേർക്കെതിരേ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ജമ്മുവിൽ ഒരു തിയറ്ററിന്റെ ടിക്കറ്റ് കൗണ്ട ർ അടിച്ചു തകർത്തു. ഡൽഹി-ജയ്പൂർ ഹൈവേയിൽ ഗതാഗതം സ്തംഭിപ്പിച്ചു. സിക്കറിൽ ബസിനു നേർക്കു കല്ലെറിഞ്ഞു. നൂറ്റാണ്ടുകളുടെ ചരിത്രത്തിൽ ഇതു രണ്ടാം തവണ അക്രമികളെ ഭയന്ന് ചിത്തോർ കോട്ട അടച്ചിട്ടു. ഹരിയാനയിലെ ഗുരുഗ്രാമിൽ വസീർപൂർ-പട്ടൗഡി റോഡിൽ ബസിനു തീയിട്ടു. ഗുരുഗ്രാമിലെ ക്ലബുകളും ബാറുകളും ഇന്നലെ ഏഴു മണിക്കു തന്നെ പൂട്ടിയിരുന്നു. മുംബൈയിൽ പ്രതിഷേധത്തിനിറങ്ങിയ മുപ്പതിലധികം കർണിസേനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.
നാലു സംസ്ഥാനങ്ങളിൽ ചിത്രം റിലീസ് ചെയ്തില്ല
മുംബൈ: വിവാദചിത്രം പദ്മാവതിനെതിരായ കർണിസേനയുടെ പ്രതിഷേധങ്ങൾ തെരുവിലേക്കിറങ്ങിയതോടെ നാലു സംസ്ഥാനങ്ങളിൽ ചിത്രത്തിന്റെ പ്രദർശനം വിലക്കി. ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ചിത്രം പ്രദർശിപ്പിക്കില്ലെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ അറിയിച്ചു.
പദ്മാവത് പ്രദർശിപ്പിച്ചാൽ മാളുകളും വാഹനങ്ങളും തിയറ്ററുകളും കൊള്ളയടിക്കുമെന്ന് ചിത്രത്തിനെതിരേ പ്രതിഷേധിക്കുന്ന കർണി സേന ഭീഷണി മുഴക്കിയിരുന്നു. ഇതേത്തുടർന്നാണ് ചിത്രത്തിന്റെ പ്രദർശനം ഒഴിവാക്കാൻ അസോസിയേഷൻ തീരുമാനിച്ചത്. രാജ്യത്തെ 75 ശതമാനം തിയറ്ററുകളുടെ ഉടമസ്ഥാവകാശം കൈയാളുന്ന സംഘടനയാണ് മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ.
രാജ്യത്തെ 1.8 കോടി തിയറ്റർ സ്ക്രീനുകൾ അസോസിയേഷൻ അംഗങ്ങളുടെ ഉടമസ്ഥതയിലാണെന്ന് സംഘടന വാദിക്കുന്നു.