ദീപിക പദുക്കോണിന് രോഷവും സങ്കടവും അടക്കാനായില്ല. ട്വിറ്ററിലൂടെ അക്ഷരാർഥത്തിൽ പൊട്ടിത്തെറിക്കുക തന്നെ ചെയ്തിരിക്കുന്നു പത്മാവതിയിലെ നായിക. ഗുജറാത്തിൽ കരണ്‍ എന്ന കലാകാരൻ 48 മണിക്കൂർ പണിപ്പെട്ട് ഒരുക്കിയ, താൻ നായികയായ പത്മാവതിയുടെ രംഗോലി കലാരൂപം ഒരുകൂട്ടം സാമൂഹ്യവിരുദ്ധർ കണ്ണിൽ ചോരയില്ലാതെ നശിപ്പിച്ചതാണ് ദീപികയെ ചൊടിപ്പിച്ചത്. ഇതിന് ഉത്തരവാദികളായവർക്കെതിരേ കർശനമായ നടപടി കൈക്കൊള്ളണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് ദീപിക ആവശ്യപ്പെട്ടു.
ചിത്രത്തിലെ നായികയായ പത്മാവതിയുടെ മുഖമാണ് വർണക്കൂട്ടിൽ കരണ്‍ വരച്ചുണ്ടാക്കിയത്. ഗുജറാത്തിലെ സൂറത്തിൽ ഒരുക്കിയ ഈ കലാരൂപമാണ് നൂറോളം വരുന്ന അക്രമിസംഘം പൂർണമായി നശിപ്പിച്ചത്. കരണിനും അദ്ദേഹത്തിന്റെ കലാസൃഷ്ടിക്കും എതിരെ നടന്ന ആക്രമണത്തിന്റെ കാഴ്ച അങ്ങേയറ്റം ഹൃദയഭേദകമാണ്. മനസിനെ തകർക്കുന്നതാണിത്. ആരാണ് ഇതിന് ഉത്തരവാദികൾ. ഇവർ ആരാണ്. ഇനിയും എത്രകാലം ഇത് തുടരാൻ നമ്മൾ അനവദിക്കും. ഇങ്ങനെ പിന്നെയും പിന്നെയും നിയമം കൈയിലെടുത്ത് നമ്മുടെ വ്യക്തിസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും നശിപ്പിക്കാൻ ഇവരെ അനുവദിക്കും. ഇതിന് ഒരു അവസാനം വേണം. ഇതിനെതിരെ നടപടി വേണം- ട്വിറ്ററിലൂടെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് ദീപിക ആവശ്യപ്പെട്ടു.
റാണി പത്മാവതിയുടെ കഥ പറയുന്ന സഞ്ജയ് ലീല ബൻസാലിയെ പ്രശ്നങ്ങൾ വിടാതെ പിന്തുടരുകയാണ്. തങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് രജപുത്രരുടെ സംഘടന നേരത്തെ ചിത്രത്തിനെതിരേ രംഗത്തുവന്നിരുന്നു. രജപുത്ര കർണി സേനാംഗങ്ങൾ സെറ്റ് ആക്രമിക്കുക വരെ ചെയ്തു. പിന്നീട് ഷൂട്ടിങ് കോലാപുരിലേക്ക് മാറ്റിയെങ്കിലും അവിടെവച്ച് സെറ്റിന് തീപിടിച്ചു. രണ്‍വീർ സിങും ഷാഹിദ് കപൂറുമാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.