ന്യൂഡൽഹി: ഇന്ത്യയിൽ രാഷ്ട്രീയ കോളിളക്കങ്ങൾ തുടരുന്നതിനിടെ ബോളിവുഡ് ചിത്രം പദ്മാവതിക്ക് ബ്രിട്ടനിൽ പ്രദർശനാനുമതി. ഡിസംബര്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യാൻ ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷൻ (ബിബിഎഫ്സി) അനുമതി നൽകി. സിനിമയുടെ ഭാഗങ്ങളിൽ യാതൊരുവിധ മാറ്റങ്ങളും വരുത്താതെ പ്രദർശിപ്പിക്കാമെന്ന് ബിബിഎഫ്സി അറിയിച്ചു. എന്നാൽ ഇന്ത്യയിൽ പ്രദർശനാനുമതി ലഭിക്കാതെ ബ്രിട്ടനിൽ ചിത്രം പുറത്തിറക്കില്ലെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി.
രാജ്യത്ത് ബിജെപി ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളിൽ പദ്മാവതി പ്രദർശിപ്പിക്കുന്നത് നിരോധിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ ഗുജറാത്തിലാണ് ഏറ്റവുമൊടുവിൽ പ്രദർശിപ്പിക്കുന്നത് നിരോധിച്ചത്. സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം രജപുത്ര സമൂഹത്തിന്റെ വികാരത്തെ വൃണപ്പെടുത്തുന്നതാണെന്നും അതിനാൽ ഗുജറാത്തിൽ പ്രദർശനാനുമതി നൽകില്ലെന്നും മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞിരുന്നു.
പദ്മാവതിക്കു പ്രദർശനാനുമതി നൽകണമെന്ന അപേക്ഷയിന്മേൽ ഉടൻ തീരുമാനമെടുക്കുക എന്നത് അസാധ്യമാണെന്നാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി)അധ്യക്ഷൻ പ്രസൂണ്‍ ജോഷി അറിയിച്ചത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പദ്മാവതിക്ക് സെൻസർ സർട്ടിഫിക്കേറ്റ് നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സമയം ആവശ്യമാണെന്നും പ്രസൂണ്‍ ജോഷി പറഞ്ഞിരുന്നു.