ന്യൂഡൽഹി: പദ്മാവതി, മുത്തലാഖ് എന്നിവയെ സംബന്ധിച്ചു ചോദ്യങ്ങളുമായി ബനാറസ് ഹിന്ദു സർവകലാശാല ചോദ്യപേപ്പർ. സർകലാശാലയുടെ രണ്ടാം വർഷ എംഎ ഹിസ്റ്ററി വിദ്യാർഥികൾക്കുള്ള ചോദ്യപേപ്പറിലാണ് ഇതു സംബന്ധിച്ചു ചോദ്യങ്ങൾ ഉൾപ്പെടുത്തിയത്. നേരത്തെ, ബനാറസ് സർവകലാശാലയുടെ പൊളിറ്റിക്കൽ സയൻസ് ചോദ്യപേപ്പറിൽ കൗടില്യന്റെ അർഥശാസ്ത്രത്തിലെ ജിഎസ്ടിയെ സംബന്ധിച്ചും മനുവിന്റെ സിദ്ധാന്തമനുസരിച്ചുള്ള ആഗോളവത്കരണത്തെയും സംബന്ധിച്ചു ചോദ്യങ്ങളുണ്ടായിരുന്നു.
അലാവുദീൻ ഖിൽജിയുടെ കാലത്ത് റാണി പദ്മാവതിയുടെ ആത്മാഹുതി(റാണി പദ്മാവതിസ് ജൗഹർ) എന്ന വിഷയത്തിൽ ഉപന്യസിക്കാനാണ് ഹിന്ദു സർവകലാശാല ചോദ്യപേപ്പറിൽ ആവശ്യപ്പെടുന്നത്. പത്തു മാർക്കിന്റെയാണു ചോദ്യം. ബലാത്സംഗം ഒഴിവാക്കാൻ ഹിന്ദു സ്ത്രീ ആത്മാഹുതി ചെയ്യുന്നതാണ് ജൗഹറെന്നാണു ചരിത്രകാരൻമാർ പറയുന്നത്. ഇത് സംബന്ധിച്ചു വിദ്യാർഥികൾക്കു പഠിക്കാനുണ്ടായിരുന്നു. എന്നാൽ ഈ പാഠഭാഗത്തുതന്നെ പദ്മാവതി എന്ന രാജ്ഞിയുടെ അസ്ഥിത്വത്തെ സംബന്ധിച്ചു ചരിത്രകാരൻമാർക്കുള്ള എതിരഭിപ്രായത്തെ സംബന്ധിച്ചും പഠിക്കാനുള്ളതായി വിദ്യാർഥികൾ പറയുന്നു.
14-ാം നൂറ്റാണ്ടിലെ സൂഫി കവി മാലിക് മുഹമ്മദ് ജയാസിയുടെ വിഖ്യാത കാവ്യമാണ് പത്മാവത്. അലാവുദീൻ ഖിൽജി രജപുത്രരാജ്യമായ ചിത്തോർ ആക്രമിച്ച് കീഴ്പ്പെടുത്തിയതിന്റെ ചരിത്രമാണ് ഇതിൽ പറയുന്നത്. ചിത്തോർ രാജാവ് രത്തൻ സിംഗിന്റെ ഭാര്യ റാണി പത്മാവതിയുടെ സൗന്ദര്യത്തെക്കുറിച്ച് നാടെങ്ങും ഖ്യാതി പരന്നതോടെ റാണിയെ സ്വന്തമാക്കാൻ അലാവുദ്ദീൻ ഖിൽജി നടത്തിയ പോരാട്ടം ഇതിൽ വിവരിക്കുന്നു. ഖിൽജിയുടെ പടയോട്ടത്തിനുമുന്നിൽ ചിത്തോർ വീഴുമെന്നായപ്പോൾ റാണി പത്മിനി തോഴിമാർക്കൊപ്പം തീക്കുണ്ഡത്തിലേക്ക് എടുത്തു ചാടി ജീവത്യാഗം ചെയ്തെന്നാണ് കഥ.
ഖിൽജി ചിത്തോർ ആക്രമിച്ചത് ചരിത്രവസ്തുതയാണെങ്കിലും റാണി പത്മിനിയെക്കുറിച്ചുള്ള കഥകളുടെ ചരിത്രപരമായ ആധികാരികത ആധുനിക ചരിത്രകാര·ാർ ചോദ്യംചെയ്തിട്ടുണ്ട്. എന്നാൽ ഖിൽജി ചരിത്രമാണെങ്കിൽ പദ്മാവതിയും ചരിത്രത്തിന്റെ ഭാഗമാണെന്നാണ് സർവകലാശാലയിലെ ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രഫസറായ രാജീവ് കുമാർ ശ്രീവാസ്തവ വാദിക്കുന്നത്.
അതേസമയം, മുത്തലാഖിനെ സംബന്ധിച്ച് ഹിന്ദു സർവകലാശാലയിലെ ചിത്ര വിദ്യാർഥികളുടെ പാഠഭാഗങ്ങളിൽ പരാമർശമുണ്ടായിരുന്നില്ല. പക്ഷേ, ഇത് സംബന്ധിച്ച് അധ്യാപകൻ ക്ലാസ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ ഉത്തരമെഴുതിയതെന്നു വിദ്യാർഥികൾ പറയുന്നു.