ന്യൂഡൽഹി: വിവാദങ്ങളുടെ സംഘർഷ ഭൂമിയിലൂടെ അവൾ വരുന്നു പേരിലൊരു ചിന്ന ചെയ്ഞ്ചുമായി, പദ്മാവത്. സഞ്ജയ് ലീല ബൻസാലിയുടെ മാസ്റ്റര്‍പീസായ പദ്മാവത് ഈ മാസം 25 ന് റിലീസ് ചെയ്യും. വിവാദകോലാഹലങ്ങൾക്കു ശേഷം സെൻസർബോർഡ് അനുമതി നൽകിയതോടെയാണ് റിലീസ് പ്രഖ്യാപിച്ചത്.
യുഎ (U/A) സർട്ടിഫിക്കറ്റാണ് സെൻസർബോർഡ് നൽകിയിരിക്കുന്നത്. സെൻസർബോർഡ് ആവശ്യപ്പെട്ട മാറ്റങ്ങൾ വരുത്താൻ സംവിധായകൻ തയാറായതോടെയാണ് സിനിമയ്ക്കു സർട്ടിഫിക്കറ്റ് ലഭിച്ചത്. സിനിമയുടെ പേര് പദ്മാവത് എന്നാക്കണമെന്നായിരുന്നു ഇതിൽ പ്രധാന നിബന്ധന.
ഏകദേശം 26 മാറ്റങ്ങളാണ് പ്രത്യേക സമിതി നിർദേശിച്ചത്. ചിത്രം തുടങ്ങുന്നതിനു മുൻപുള്ള അറിയിപ്പിൽ ചരിത്രം അതേപടി പകർത്തിയിരിക്കുന്നു എന്ന് കാണിക്കാതിരിക്കുക, സതി ആചാരത്തെ മഹത്വവത്കരിക്കുന്ന രംഗങ്ങൾ ഒഴിവാക്കുക, ചിത്രത്തിന്റെ പേര് പദ്മാവതി എന്നതിൽ നിന്ന് പദ്മാവത് എന്നാക്കി മാറ്റുക, ഘൂമർ എന്ന് തുടങ്ങുന്ന ഗാനത്തിലെ വർണനകൾ കഥാപാത്രത്തിനു ചേർന്നതാക്കി മാറ്റുക, ചരിത്രത്തെ അടിയാളപ്പെടുത്തുന്ന സ്ഥലങ്ങൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകുന്ന രംഗങ്ങൾ ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളാണ് മുന്നോട്ട് വച്ചതെന്ന് സെൻസർ ബോർഡ് തലവൻ പ്രസൂൺ ജോഷി നേരത്തെ പറഞ്ഞിരുന്നു.