ജയ്പൂർ: പത്മാവതിയിൽ വിവാദത്തിനിടനൽകുന്ന രംഗങ്ങളൊന്നുമില്ലെന്ന് സംവിധായകൻ സഞ്ജയ് ലീലാ ബന്‍സാലി. ചിത്രത്തിന്റെ ഏതാനും ഭാഗങ്ങളുടെ വീഡിയോ പുറത്തുവിട്ടാണ് ബന്‍സാലി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ചിത്രത്തിൽ ചിറ്റോറിലെ റാണി പത്മാവതിയും ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദീൻ ഖിൽജിയും തമ്മിലുള്ള പ്രണയരംഗങ്ങൾ സംബന്ധിച്ചാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. എന്നാൽ ആരുടേയും വികാരം വ്രണപ്പെടുത്തുന്ന രംഗങ്ങൾ ചിത്രത്തിലില്ലെന്ന് സംവിധായകൻ പറഞ്ഞു.
അഭ്യൂഹങ്ങൾ പ്രചരിച്ചതു മൂലം ചിത്രം ഇതിനകം വിവാദത്തിലായി. പത്മാവതിയും അലാവുദ്ദീൻ ഖിൽജിയും തമ്മിലുള്ള പ്രണയരംഗങ്ങളാണ് അഭ്യൂഹങ്ങൾക്കു കാരണമെങ്കിൽ നേരത്തെതന്നെ താൻ ഇത് നിഷേധിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഉറപ്പ് നൽകിയിട്ടുള്ളതാണ്. ആരുടേയും വികാരം വ്രണപ്പെടുന്ന തരത്തിലുള്ളതൊന്നും ചിത്രത്തിലില്ല.
റാണി പത്മിനിയുടെ ധീരതയ്ക്കും ത്യാഗത്തിനുമുള്ള ആദരവാണ് തന്റെ ചിത്രമെന്നും ബെൻസാലി പറഞ്ഞു. തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ് താൻ ഈ ചിത്രം നിർമിച്ചിരിക്കുന്നത്. രജ്പുത് വിഭാഗത്തിന്റെ വികാരവും ആത്മാഭിമാനവും പരിഗണിച്ചതായും അദ്ദേഹം പറഞ്ഞു.
പത്മാവതി’യുടെ ചിത്രീകരണസമയത്തുതന്നെ രജപുത്രകര്‍ണിസേന എന്ന സംഘടന പ്രതിഷേധവുമായി എത്തിയിരുന്നു. ചലച്ചിത്രത്തില്‍, പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങളുണ്ടെന്നും ഇത് തങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും പറഞ്ഞാണ് രജപുത്രകര്‍ണിസേന രംഗത്തെത്തിയത്.