പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ രോഗി മരിച്ചത് അധികൃതരുടെ അനാസ്ഥമൂലമെന്ന ആരോപണവുമായി ബന്ധുക്കൾ. മുണ്ടേക്കാട് വാഴപ്പിള്ളിയിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ പത്മിനി അമ്മ(61) ആണ് മരിച്ചത്.
ഏറെ നാളായി പ്രമേഹത്തിനും ഹൃദ്രോഗത്തിനും ചികിത്സ തേടിയിരുന്ന ഇവരെ കഴിഞ്ഞ ഏഴിനാണ് നെഞ്ചുവേദനയെ തുടർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചത്. മുണ്ടൂർ പഞ്ചായത്തിലെ 18-ാം വാർഡ് കണ്ടെയ്ൻമെന്റ് സോണിൽ താമസിക്കുന്ന ഇവരെ നിരീക്ഷണത്തിൽ കഴിയാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു.
ഇതേ തുടർന്ന് പത്മിനി അമ്മയെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. എന്നാൽ 24 മണിക്കൂർ കഴിഞ്ഞ് ബന്ധുക്കൾ ആവശ്യപ്പെട്ടതിനു ശേഷമാണ് ഡോക്ടറുടെ സേവനം ലഭിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
അവശയായ രോഗിയെ ഇന്നലെ പുലർച്ചെ വാർഡിലേക്ക് മാറ്റുകയും അവിടെവച്ച് മരണപ്പെടുകയുമാണ് ഉണ്ടായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കൃത്യമായ ചികിത്സ നൽകുന്നതിൽ വന്ന വീഴ്ചയാണ് മരണത്തിന് ഇടയാക്കിയതെന്ന് കുടുംബം പറഞ്ഞു.
ഇന്നലെ ഇവരുടെ കോവിഡ് പരിശോധനാ ഫലം വന്നപ്പോൾ നെഗറ്റീവ് ആയിരുന്നു. ആശുപത്രിയുടെ വീഴ്ചയെക്കുറിച്ച് ജില്ലാ മെഡിക്കൽ ഓഫീസർക്ക് ബന്ധുക്കൾ പരാതി നൽകി.