ഭുവനേശ്വർ: ഒഡീഷ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ബിജെഡി അധ്യക്ഷൻ നവീൻ പട്നായിക്. ബുധനാഴ്ച രാവിലെ നടക്കുന്ന ചടങ്ങിലേക്കാണു മോദിക്കു ക്ഷണം. മിക്ക സംസ്ഥാനങ്ങളിലെയും നേതാക്കളെ ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ടെന്ന് ബിജെഡി നേതാക്കൾ അറിയിച്ചു.
ബിജെഡി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പട്നായിക് നേരത്തെ തന്നെ മോദിയെ ക്ഷണിച്ചിരുന്നു. അടുത്ത തവണ ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്പോഴാകും താൻ ഇനി ഒഡീഷയിലേക്കു വരിക എന്ന മോദിയുടെ പരാമർശത്തിനു മറുപടി പറയവെ ആയിരുന്നു പട്നായികിന്റെ ക്ഷണം.
5000-ൽ അധികം പേരെ പട്നായിക്കിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ടെന്നാണു വിവരം. 147 അംഗ നിയമസഭയിൽ 112 സീറ്റ് നേടിയാണ് പട്നായിക്കിന്റെ ബിജെഡി അധികാം നിലനിർത്തിയത്. ബിജെപി 23 സീറ്റിൽ ഒതുങ്ങി.