ചേർത്തല: സ്വീകരണ മാലയിൽ തൂക്കിയ കവറിൽ നിന്ന് കിട്ടിയ കുറച്ച് മുഷിഞ്ഞ നോട്ടുകൾ വാത്സല്യത്തോടെ സമ്മാനിച്ച് മടങ്ങിയ അമ്മയെ അന്വേക്ഷണത്തിന് ഒടുവിൽ ചേർത്തലയിലെ എൽ ഡി എഫ് സ്ഥാനാർഥി പി പ്രസാദ് കണ്ടെത്തി.
ആദ്യഘട്ട തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടെ മഴയുള്ള ഒരു ദിവസം മണിക്കൂറോളം സമയം കാത്തു നിന്ന വൃദ്ധമാതാവ് സ്ഥാനാർത്ഥിയ്ക്ക് നൽകിയ മാലയുടെ താഴെ ഒരു ചെറിയ കവറും ഉണ്ടായിരുന്നു.
കോരിച്ചൊരിയുന്ന മഴയും രാത്രി വൈകിയതിന്റെ തിരക്കും കാരണം എന്താണെന്ന് നോക്കുവാൻ സ്ഥാനാര്‍ത്ഥിക്ക് സമയം കിട്ടിയില്ല.
തിരക്ക് ഒഴിഞ്ഞ ശേഷം പ്രസാദ് കവർ എടുത്ത് നോക്കിയപ്പോഴാണ് മുഷിഞ്ഞ പത്തുരൂപയുടെയും ഇരുപതുരൂപയുടെയും നോട്ടുകള്‍ അടുക്കി വച്ചിരിക്കുന്നത് കാണുന്നത്.
എണ്ണിനോക്കിയപ്പോള്‍ ഇരുന്നൂറു രൂപയുണ്ട്. ഇത് കണ്ടതോടെ സ്ഥാനാര്‍ത്ഥിക്ക് വിഷമം തോന്നി. ഈ സംഭവം മറ്റ് സ്വീകരണ കേന്ദ്രങ്ങളിലെ വേദികളിൽ പ്രസാദ് പങ്കു വെക്കുകയും ചെയ്തു.
കഞ്ഞിക്കുഴി ചെറുവാരണം തട്ട് പുരയ്ക്കൽ പത്മിനിയാണ് ആ അമ്മയെന്ന് എൽ ഡി എഫ് പ്രവർത്തകർ കണ്ടെത്തിയതോടെ പ്രസാദ് അമ്മയെ സന്ദർശിക്കുകയായിരുന്നു.
പ്രസാദിനെ കണ്ട പത്മിനി വാചാലയായി. ഇതിന് മുമ്പ് ചില പരിപാടികളിൽ പ്രസാദിന്റെ പ്രസംഗം കേൾക്കാൻ ഇടയായിട്ടുണ്ട്. അന്ന് തുടങ്ങിയ സ്നേഹമാണ് സമ്മാന പൊതിയായി നൽകിയെതെന്ന് പത്മിനി പറയുന്നു.