തളിപ്പറമ്പ്: ദേശീയപാതയില്‍ തൃച്ചംബരത്ത് പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ചുകെട്ടിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ മഴ നനഞ്ഞ് യാത്രക്കാര്‍. ജനപ്രതിനിധികളുടെയും മറ്റും വികസന പദ്ധതികളില്‍ ഉള്‍പ്പെടുത്തി ബസ് സ്റ്റോപ്പുകളിലെല്ലാം ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മിക്കുമ്പോള്‍ തൃച്ചംബരത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെതിരെ പ്രതിഷേധമുയരുന്നു. തൃച്ചംബരം ദേശീയ പാതയോരത്ത് പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ചുകെട്ടിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് ആളുകള്‍ ബസ് കാത്തുനില്‍ക്കുന്നത്.
തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കും തൃച്ചംബരം യുപി സ്കൂള്‍, സര് സയ്യിദ് കോളജ്, മുയ്യം ഭാഗത്തേക്കുമെല്ലാമെത്തുന്ന ആളുകള്‍ ആശ്രയിക്കുന്നത് ഈ സ്റ്റോപ്പിനെയാണ്. തൃച്ചംബരത്ത് നാടിനാകെ നാണക്കേടിലാക്കി പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് കെട്ടിയ കൂടാരത്തില്‍ റോഡരികില്‍ ഒടിഞ്ഞുവീണ വൈദ്യുതി തൂണുകളാണ് യാത്രക്കാര്‍ക്ക് ഇരിക്കാനായി ഒരുക്കിയിരിക്കുന്നത്.
ഇവിടെ ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ കോണ്‍ക്രീറ്റില്‍ നിര്‍മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം കാലപ്പഴക്കം കൊണ്ട് അപകടവസ്ഥയിലായതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം അധികൃതര്‍ പൊളിച്ചുനീക്കിയിരുന്നു. ഇതിനുശേഷം ഇതേ സ്ഥലത്ത് ബസ്ബേ ഉള്‍പ്പെടെയുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കുമെന്നാണ് നഗരസഭ പറഞ്ഞിരുന്നത്.
ഇതിനു സമീപം ദേശീയപാതക്കരികിലുള്ള ആല്‍മരം മുറിച്ച് നീക്കി വീതി കൂട്ടാനും ധാരണയായിരുന്നു. ഒരുവര്‍ഷം കഴിഞ്ഞിട്ടും ഇതിനുള്ള നടപടിയൊന്നും ഇല്ലാത്തതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തു വന്നത്. അധികാരികള്‍ അടിയന്തിരമായി ഇടപെട്ട് തൃച്ചംബരത്ത് ആധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍ ബസ് ബേ നിര്‍മാണത്തിനെതിരെ സമീപവാസികളായ ചിലര്‍ നിയമനടപടികള്‍ സ്വീകരിച്ചതോടെയാണ് ബസ് കാത്തിരിപ്പ് കേന്ദ്ര നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവതാളത്തിലായെന്നാണു നഗരസഭാ അധികൃതര്‍ പറയുന്നത്.