ഒറ്റപ്പാലം: കഴിഞ്ഞ രണ്ട് മാസത്തിനിടെ അമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന ഞെഴുവൻ കാട്ടിൽ അശോകന്റെ കുടുംബത്തിൽനിന്ന് മരണം കൂട്ടിക്കൊണ്ടുപോയത് പ്രിയപ്പെട്ട മൂന്നുപേരെയാണ്.അജയനെയും മകൾ സ്നേഹയെയും തനിച്ചാക്കി അജയന്റെ അമ്മ ദേവകി (66), ഭാര്യ പ്രസീത (36), മകൻ ആദർശ് (13) എന്നിവരാണ് രണ്ട് മാസത്തിനിടെ ഈ ലോകത്തുനിന്ന് യാത്രയായത്.
കെട്ടിട നിർമാണത്തൊഴിലാളിയായ അജയൻ നഗരസഭയിലെ പിഎംഎവൈ ഭവനപദ്ധതിയിൽ വീടിന് അനുമതിയായതോടെയാണ് ഏഴുമാസംമുന്പ് നിലവിലെ വീട് പൊളിച്ചുമാറ്റി ഷെഡ്ഡുകെട്ടി താമസമാക്കിയത്.ആദ്യഗഡുവായി ലഭിച്ചതുകയും സ്വരുക്കൂട്ടിവെച്ചിരുന്ന തുകയും ചേർത്ത് തറയൊരുക്കി.
സന്തോഷത്തോടെ ജീവിതം മുന്പോട്ട് പോകുന്നതിനിടെയാണ് അജയന്റെ മകൻ ആദർശ് കുഴഞ്ഞുവീണ് മരിക്കുന്നത്.
മീറ്റ്ന സീനിയർ ബേസിക് സ്കൂളിൽ ഏഴാംക്ലാസ് വിദ്യാർഥിയായിരുന്ന ആദർശ് രാവിലെ വീട്ടുമുറ്റത്ത് കുഴഞ്ഞുവീഴുകയായിരുന്നു.
ശ്വാസതടസത്തിന് ചികിത്സയിലായിരുന്ന ആദർശിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മകന്റെ വിയോഗത്തിൽ മനംനൊന്തായിരുന്നു അജയന്റെ ഭാര്യ പ്രസീത ജീവനൊടുക്കിയത്. സഹധർമിണിയും മകനും വിട്ടുപിരിഞ്ഞതിന്റെ സങ്കടക്കടൽ ഉള്ളിലൊതുക്കി കഴിയുകയായിരുന്നു അജയനും മകൾ സ്നേഹയും.
അജയന്റെ അമ്മ ദേവകികൂടി അടുത്തദിവസം വിടപറഞ്ഞത് രണ്ടുപേർക്കും തീരാനോവായി. വാർധക്യസഹജമായ അസുഖങ്ങൾ മൂലമാണ് ദേവകി മരിച്ചത്. രണ്ട് മാസത്തിനിടെ ഉറ്റവരായ മൂന്നുപേർ വിടപറഞ്ഞ സങ്കടത്തിൽ വലിച്ചുകെട്ടിയ ഷെഡ്ഡിനുള്ളിലാണ് ഇവരുടെ ജീവിതം.