അടിമാലി: വേനല് കനത്തതോടെ വനത്തിനുള്ളില് കുടിവെള്ളം ലഭ്യമാക്കി വന്യമൃഗങ്ങളുടെ കാടിറക്കം തടയാൻ വനപാലകരുടെ ശ്രമം.നേര്യമംഗലം ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരാണ് വനത്തിനുള്ളിൽ പടുതാക്കുളം നിർമിച്ച് വെള്ളം സംഭരിച്ച് വന്യമൃഗങ്ങൾക്കു കുടിക്കാൻ കൊടുക്കുന്നത്.
മൂന്നാര് ഫോറസ്റ്റ് ഡിവിഷനിലെ നേര്യമംഗലം റേഞ്ചിന് കീഴില് വരുന്നതാണ് ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷന്. പടുതാക്കുളത്തിൽനിന്നു വെള്ളം കുടിക്കാൻ വന്യമൃഗങ്ങൾ എത്തുന്നുണ്ടെന്നും വന്യ മൃഗങ്ങളുടെ കാടിറക്കം കുറഞ്ഞിട്ടുണ്ടെന്നുമാണ് വനപാലകർ അവകാശപ്പെടുന്നത്. പെരിയാറ്റിലെത്തിയാൽ മാത്രമേ വേനൽക്കാലത്ത് മൃഗങ്ങള്ക്ക് കുടിവെള്ളം ലഭിക്കുമായിരുന്നുള്ളു.
ജനവാസമേഖല കടന്ന് വേണം മൃഗങ്ങള്ക്ക് ഇവിടേക്കെത്താന്. മനുഷ്യ-വന്യജീവി സംഘര്ഷം കുറയ്ക്കാന് പ്രദേശത്ത് വൈദ്യുതി ഫെന്സിംഗ് തീര്ക്കുക കൂടി ചെയ്തതോടെ കുടിവെള്ളം കിട്ടാതെ മൃഗങ്ങള് പ്രതിസന്ധിയിലായിരുന്നെന്നു പറയുന്നു.
ഇതോടെയാണ് ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര് ചേര്ന്ന് വനത്തിനുള്ളില് തന്നെ മൃഗങ്ങള്ക്ക് കുടിവെള്ളമൊരുക്കുന്നത്. ആറു മീറ്റര് നീളത്തില് അഞ്ചു മീറ്റര് വീതിയില് ഒരു മീറ്റര് ആഴത്തില് വനംവകുപ്പ് വനത്തിനുള്ളില് പടുതാക്കുളം നിര്മിച്ച് ജലം സംഭരിച്ചു.
50000 ലിറ്റര് വെള്ളം ഈ താത്കാലിക കുളത്തില് സംഭരിക്കാം.വെള്ളം തീരുന്ന മുറയ്ക്ക് കുളം നിറച്ച് നല്കും. ശ്രമം വിജയം കണ്ടതോടെ സ്റ്റേഷന് പരിധിയിലെ മറ്റിടങ്ങളിലും മൃഗങ്ങള്ക്ക് വെള്ളമെത്തിക്കാനുള്ള ആലോചനയിലാണ് വനപാലകർ.