ബ്രസീലിയ: കാൽക്കുഴയ്ക്ക് പരിക്കേറ്റ് ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുന്ന സൂപ്പർ താരം നെയ്മർ ലോകകപ്പ് ഫുട്ബോളിനു മുന്പ് തിരിച്ചെത്തി ബ്രസീലിനെ നയിക്കുമെന്ന് ഇതിഹാസതാരം പെലെ. നെയ്മർ ബ്രസീലിനെ ആറാമതും ലോകകപ്പ് ജയത്തിലേക്ക് നയിക്കുമെന്നും പെലെ വിശ്വാസം പ്രകടിപ്പിച്ചു.
എന്താണു സംഭവിക്കാനിരിക്കുന്നതെന്ന് അറിയില്ല. എന്നാൽ, ലോകകപ്പിനു മുന്പ് നെയ്മർ പരിക്കിൽനിന്ന് പൂർണമായി മോചിതനായി കളത്തിൽ തിരിച്ചെത്തും. ലോകകപ്പിൽ എനിക്ക് ലഭിച്ചതുപോലെയുള്ള ഭാഗ്യം നെയ്മറിനും ഉണ്ടാകും – പെലെ പറഞ്ഞു.
മൂന്നു തവണ ലോകകപ്പ് ഫുട്ബോൾ കിരീടം ബ്രസീൽ ഉയർത്തിയപ്പോഴും ടീമിന്റെ അഭിഭാജ്യഘടകമായിരുന്നു പെലെ. കളിക്കാരനായി മൂന്നു തവണ ലോകകപ്പ് നേടിയ ലോകത്തിലെ ഏക താരവും പെലെയാണ്. 1958, 1962, 1970 ലോകകപ്പുകളാണ് പെലെയുടെ പേരിനൊപ്പമുള്ളത്.
ഫെബ്രുവരി 25ന് ഫ്രഞ്ച് ലീഗിൽ മാഴ്സെല്ലയ്ക്കെതിരായ മത്സരത്തിനിടെയാണ് പിഎസ്ജി താരമായ നെയ്മറിനു പരിക്കേറ്റത്. കാൽക്കുഴയ്ക്കു പൊട്ടലുണ്ടായതിനെത്തുടർന്ന് ബ്രസീലിൽവച്ച് ശസ്ത്രക്രിയയ്ക്കു വിധേയനായ നെയ്മർ മൈതാനത്തേക്ക് ഇതുവരെ തിരിച്ചെത്തിയിട്ടില്ല.ബ്രസീലിന്റെ പരിശീലകൻ ടിറ്റെയെക്കുറിച്ചും പെലെ ആത്മവിശ്വാസം പ്രകടിപ്പിച്ചു.