ആലപ്പുഴ: നട്ടെല്ലുള്ള ജീവികളിൽ ഏറ്റവും വിഷമുള്ളവയുടെ കൂട്ടത്തിൽ ശാസ്ത്രജ്ഞർ ഉൾപ്പെടുത്തിയിരിക്കുന്ന പഫർ ഫിഷുകൾ ആലപ്പുഴ ബീച്ചിൽ ഇന്നലെ കരയ്ക്കടിഞ്ഞു. പല ഇനം മത്സ്യങ്ങൾ ചത്തടിഞ്ഞതിനൊപ്പമാണ് ഇവയും ചത്തു കരയ്ക്കടിഞ്ഞത്.
കടലിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നതിന്റെ സൂചനയാണെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. 120 ലധികം വ്യത്യസ്ത വിഭാഗങ്ങളാണ് പഫർ ഫിഷുകളുടെ ഇടയിലുള്ളത്. ഇവയിൽ ശരീരത്തിനു ചുറ്റും മുള്ളുകളുള്ള പഫർഫിഷുകളാണ് ഇന്നലെ കരയ്ക്കടിഞ്ഞത്. കടലിലും അഴിമുഖങ്ങളിലും കണ്ടുവരുന്നവയാണ് ഇവ.
സയനൈഡിനെക്കാൾ ശക്തമായ ടെട്രോഡോടോക്സിൻ വി ഷം ഇവയുടെ ശരീരത്തിലുണ്ട്. ഇവയുടെ കരളും മറ്റു ചില ആന്തരാവയവങ്ങളും ചിലപ്പോൾ തൊലിയും മറ്റു മിക്ക ജന്തുക്കൾക്കും മാരകവിഷമാണ്.
എങ്കിലും ഇവയുടെ ചില ഉപവിഭാഗങ്ങളുടെ മാംസം പരിമിതമായ അളവിൽ ഉപയോഗിച്ചുകൊണ്ടു ചൈന, കൊറിയ, ജപ്പാൻ എന്നിവിടങ്ങളിൽ പ്രത്യേകം പരിശീലനം നേടിയ പാചകക്കാർ സ്വാദേറിയ ഭക്ഷണവും ഒരുക്കാറുണ്ട്. ജപ്പാനിൽ ഈ മത്സ്യം പാചകം ചെയ്യണമെങ്കിൽ ലൈസൻസ് വേണം. എന്നാൽ, ജപ്പാൻകാരുടെ ഇഷ്ടഭക്ഷണവുമാണ് ഈ മത്സ്യം. ഫുഗുവെന്നാണ് ജപ്പാനിൽ ഈ മത്സ്യവിഭാഗത്തിനു പറയുന്നത്.
വയറ്റിൽ വെള്ളമോ കാറ്റോ നിറച്ച് വലുപ്പം കൂട്ടി ഒരു ഗോളം പോലെയാകാൻ ഇവയ്ക്കു സാധിക്കും. അതിനാലാണ് പഫ് ഫി ഷ് എന്ന് ഇവ വിളിക്കപ്പെടുന്നത്. ശത്രുക്കളിൽനിന്നു രക്ഷ നേടാനാണ് ഇവ ഈ കഴിവ് ഉപയോഗിക്കുന്നത്.
വശങ്ങളിലെയും മുതുകിലെയും കീഴ്ഭാഗത്തെയും വാലറ്റത്തെയും ചിറകുകൾ ഒന്നിച്ചുപയോഗിച്ചാണ് സഞ്ചാരം.
എല്ലാവശത്തേക്കും എളുപ്പത്തിൽ സഞ്ചാരിക്കാനും പറ്റും. ആപത്തിൽനിന്നു രക്ഷപ്പെടാൻ ശത്രുക്കൾക്കു തിരിച്ചറിയാനാവാത്ത വേഗത്തിൽ ദിശമാറ്റി കുതിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. അതിനായി വാൽച്ചിറകാണ് ഉപയോഗിക്കുന്നത്. ഇന്നലെ ബീച്ചിൽ കരയ്ക്കടിഞ്ഞ മത്സ്യത്തിന്റെ രൂപത്തിൽനിന്ന് ഇവ പഫർ ഫിഷ് തന്നെയാണെന്നാണ് വിദഗ്ധർ പറയുന്നത്.
ജോണ്സണ് നൊറോണ