ബെയ്റൂട്ട്: ലബനനിലുണ്ടായ പേജർ, വാക്കിടോക്കി സ്ഫോടനങ്ങൾക്കു പിന്നിൽ ഇസ്രയേലാണെന്ന് ഹിസ്ബുള്ളയുടെ പരമോന്നത നേതാവ് ഹസൻ നസറുള്ള ആരോപിച്ചു. ആക്രമണം യുദ്ധക്കുറ്റവും യുദ്ധപ്രഖ്യാപനവുമാണ്. ഗാസയിലെ അതിക്രമം അവസാനിപ്പിക്കുന്നതുവരെ ഹിസ്ബുള്ളകൾ ഇസ്രയേലിനെതിരേ ആക്രമണം തുടരുമെന്ന് ടിവി പ്രസംഗത്തിൽ നസറുള്ള പ്രഖ്യാപിച്ചു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രണ്ടു മിനിറ്റുകൊണ്ട് 5,000 പേരെ വകവരുത്താനാണ് ഇസ്രയേൽ ശ്രമിച്ചത്. ലബനന്റെയും ലോകത്തിന്റെയും ചരിത്രത്തിൽ മുൻനടപ്പില്ലാത്ത ആക്രമണമാണുണ്ടായതെന്ന് നസറുള്ള പറഞ്ഞു.
4000 പേജറുകളാണ് ഇസ്രയേൽ ലക്ഷ്യമിട്ടത്. ആയിരക്കണക്കിനു പേരെ കൊല്ലാൻ ശ്രമിച്ചത് കൊടുംഭീകരതയാണ്. കുറെ പേജറുകൾ കേടായതും കുറേയെണ്ണം പുറത്തെടുക്കാതിരുന്നതും മൂലം ഒട്ടേറെ മരണങ്ങൾ ഒഴിവായി.
ഗാസയിലെയും വെസ്റ്റ്ബാങ്കിലെയും ജനതയ്ക്കുള്ള പിന്തുണ തുടരുമെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിനോടും പ്രതിരോധ മന്ത്രി യൊവാവ് ഗാലന്റിനോടും പറയുന്നതായും നസറുള്ള കൂട്ടിച്ചേർത്തു.
നസറുള്ളയുടെ പ്രസംഗം സംപ്രേഷണം ചെയ്യുന്നതിനിടെ ഇസ്രേലി യുദ്ധവിമാനങ്ങൾ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ ആക്രമണം നടത്തി. യുദ്ധവിമാനങ്ങൾ തലസ്ഥാനമായ ബെയ്റൂട്ടിൽ താഴ്ന്നു പറന്നത് ശബ്ദവിസ്ഫോടനത്തിനിടയാക്കി.