ബെയ്റൂട്ട്: ലെബനനിലുണ്ടായ പേജർ സ്ഫോടനങ്ങളിൽ മരണസംഖ്യ ഉയരുന്നു. 11 പേർ കൊല്ലപ്പെട്ടെന്നാണ് ഒടുവിലത്തെ വിവരം. 2800ലധികം പേര്‍ക്ക് സ്ഫോടനങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഇരുന്നൂറിലേറെ പേരുടെ നില ഗുരുതരമായി തുടരുന്നു. മരിച്ചവരിലും പരിക്കേറ്റവരിലും ഹിസ്ബുള്ള നേതാക്കളും ഉണ്ടെന്നാണു സൂചന. ലെബനനിലെ ഇറാൻ അംബാസിഡർക്കും പേജർ സ്ഫോടനത്തിൽ പരിക്കേറ്റു. ലെബനനിലെ പല ആശുപത്രികളും പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ഇറാൻ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെയാണ് ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയയിലും കിഴക്കൻ ബെക്കാ താഴ്വരയിലും ഇന്നലെ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നരയോടെ സ്ഫോടനങ്ങൾ നടന്നത്.
ഹിസ്ബുള്ള സംഘങ്ങൾ ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജർ യന്ത്രങ്ങൾ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളായ ഈ പ്രദേശങ്ങളിൽ ഏകദേശം ഒരു മണിക്കൂർ നേരം സ്ഫോടനങ്ങൾ തുടർന്നു.ആസൂത്രിത ഇലക്ട്രോണിക്സ് ആക്രമണത്തിന് പിന്നിൽ ഇസ്രയേൽ ആണെന്നാണ് ഹിസ്ബുള്ളയുടെ ആരോപണം.
ഇസ്രയേലിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ലെബനൻ മുന്നറിയിപ്പ് നൽകി. ഭീഷണിക്ക് പിന്നാലെ ഇസ്രയേലിൽ സുരക്ഷ ശക്തമാക്കി. ടെൽ അവീവിലേക്കുള്ള സർവീസുകൾ വിമാനക്കമ്പനികള്‍ നിര്‍ത്തിവച്ചു.മൊബൈൽഫോണുകൾ ഉപയോഗിച്ചാൽ ശത്രുവിന് ലൊക്കേഷൻ കണ്ടെത്തി ആക്രമിക്കാൻ എളുപ്പമായതിനാലാണ് ഹിസ്ബുള്ള സംഘങ്ങൾ ആശയവിനിമയത്തിന് ഇപ്പോഴും പഴയകാല പേജർ യന്ത്രങ്ങൾ ആണ് ഉപയോഗിക്കുന്നത്. അരയിലും മറ്റുമാണ് പേജർ സൂക്ഷിക്കുന്നത്.
സ്ഫോടനങ്ങളിൽ പേജർ ഉപയോഗിക്കുന്ന വ്യക്തിക്കോ അതിനടുത്തായി നിന്നിരുന്ന വ്യക്തിക്കോ മാത്രമാണു മരണം സംഭവിക്കുകയോ പരിക്കേൽക്കുകയോ ചെയ്തത്. വിരലുകൾക്കും പേജർ സൂക്ഷിച്ചിരുന്ന ഭാഗത്തും മറ്റുമാണു പലർക്കും പരിക്കേറ്റത്. പേജറിലെ സന്ദേശം വായിച്ചുകൊണ്ടിരുന്നവരുടെ മുഖത്തും പരിക്കേറ്റു.
തായ്വാൻ നിർമിതമായ 5000 ഓളം പേജറുകളിൽ ഇസ്രയേൽ ചാര ഏജൻസി മൊസാദ് അഞ്ചു മാസം മുമ്പേ ചെറിയ അളവിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിരുന്നതായി മുതിർന്ന ലെബനൻ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ലോകത്തെ തന്നെ അസാധാരണമായ ആക്രമണമാണ് നടന്നത്. പുതിയ സംഭവത്തോടെ പശ്ചിമേഷ്യ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുമോയെന്ന ആശങ്ക കനക്കുകയാണ്.