ഇന്ത്യക്കു പിന്തുണയുമായി റഷ്യ അടക്കമുള്ള മറ്റു ലോകരാജ്യങ്ങളും രംഗത്തെത്തി. ഭീകരാക്രമണത്തെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അപലപിച്ചു.
ക്രൂരമായ കുറ്റകൃത്യത്തിന് യാതൊരു ന്യായീകരണവുമില്ല. അതിന്റെ സംഘാടകരും കുറ്റവാളികളും അർഹമായ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നു പുടിൻ പറഞ്ഞു. ഭീകരാക്രമണത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ദുഃഖം പ്രകടിപ്പിച്ചു.
സൗദി അറേബ്യ ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്നും ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയിൽ നടന്ന ഭീകരാക്രമണത്തിൽ അതിയായ ദുഃഖമുണ്ട്. നിരവധി പേർ കൊല്ലപ്പെട്ടു.
ഇരകളുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കുമൊപ്പം ഇറ്റലിയുണ്ടാകുമെന്നും മെലോണി അറിയിച്ചു.
ഹീനമായ ആക്രമണത്തിൽ ഇസ്രയേൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം നിലകൊള്ളുന്നുവെന്നും ഇസ്രയേൽ വിദേശകാര്യമന്ത്രി ഗിഡിയൻ സാർ എക്സിൽ കുറിച്ചു. യുഎഇ, ഇറാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും ഭീകരാക്രമണത്തെ അപലപിച്ചു രംഗത്തെത്തി.