ജമ്മു കാഷ്മീരിൽ നിന്നുള്ള ആദ്യ മുസ്ലിം വനിതാ പൈലറ്റായി ചരിത്രം സൃഷ്ടിച്ച് 33 വയസുകാരി ഇറാം ഹബീബ്. സെപ്റ്റംബർ മുതൽ ഇന്‍ഡിഗോയിൽ ഇറാം ഹബീബ് വിമാനങ്ങള്‍ പറത്തും. കാഷ്മീരിൽ നിന്നുള്ള മൂന്നാമത്തെ വനിതാ പൈലറ്റാണ് ഇറാം ഹബീബ്.
2016-ൽ കാഷ്മീരി പണ്ഡിറ്റായ തൻവി റെയ്ന എയർ ഇന്ത്യയിൽ പൈലറ്റായി വിമാനം പറത്തിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ കാഷ്മീർ സ്വദേശിയായ ആയിഷ അസീസ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്റ്റുഡന്റ് പൈലറ്റായി ചരിത്രം സൃഷ്ടിച്ചിരുന്നു. ഇവർക്ക് ശേഷമാണ് കാഷ്മീരിലെ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ഇറാം ഹബീബും വിമാനം പറത്താനൊരുങ്ങുന്നത്.
പൈലറ്റാകാനെത്തിയ തനൊരു കാഷ്മീരി മുസ്ലിമാണെന്ന് അറിഞ്ഞപ്പോൾ എല്ലാവരും ആശ്ചര്യപ്പെട്ടിരുന്നു. പക്ഷേ തന്റെ ലക്ഷ്യത്തെ കൈവരിക്കാനുള്ള ആഗ്രഹവുമായി മുന്നോട്ടു പോയെന്നും ഇറാം ഹബീബ് പറഞ്ഞു. 2016ൽ യുഎസിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ ഇറാം ഡൽഹിയിൽ വാണിജ്യ പൈലറ്റ് ലൈസന്‍സിനുള്ള ക്ലാസുകൾ എടുക്കുന്നുണ്ട്.