താൽക്കാലിക ചികിത്സകൾ കൊണ്ട് വയറുവേദനയ്ക്ക് കൃത്യമായ ഗുണം കിട്ടാറില്ല. അതിനാൽ രോഗമറിയാതെ മരുന്നുപയോഗിച്ചാൽ രോഗം വർധിക്കാനിടയുണ്ട്.
ഗുളികകൾ, ചൂർണങ്ങൾ, അരിഷ്ടങ്ങൾ, ലേഹ്യങ്ങൾ തുടങ്ങിയ മരുന്നുകളാണ് ആയുർവേദത്തിൽ വയറുവേദനയ്ക്ക് കൂടുതലായി ഉപയോഗിക്കുന്നത്.
കാരണമറിഞ്ഞു ചികിത്സ
ദഹനസംബന്ധമായ പ്രശ്നങ്ങൾ കാരണമുണ്ടാകുന്ന താൽക്കാലിക വേദനകൾ പോലെ സ്ഥിരമായ വേദനകളെ കാണരുത്.
ദഹനസംബന്ധമായ പ്രശ്നങ്ങൾ സ്ഥിരമായി ഉള്ളവർക്കു പോലും കൂടുതൽനാൾ മരുന്നു കഴിച്ചു മാത്രമേ അവ പരിഹരിക്കാനാകു.
ആയതിനാൽ കാരണമറിഞ്ഞുതന്നെ ചികിത്സ ചെയ്യണം. അല്ലാതെ, വയറിന് എന്ത് വേദന വന്നാലും ഇഞ്ചിനീരും കയ്യിൽ സ്റ്റോക്കുള്ള ഏതെങ്കിലുമൊക്കെ അരിഷ്ടവും കോളയും സോഡയും സോഡാ നാരങ്ങാവെള്ളവും കുടിച്ച് ‘ഞാൻ ആയുർവേദവും നോക്കിയതാ’എന്ന് പറയരുത്. അൾസർ കാരണമുള്ള വേദനയാണെങ്കിൽ അത് വർധിക്കാനും ഇതൊക്കെത്തന്നെ മതിയാകും.
മറ്റാരുടെയെങ്കിലും മരുന്ന് കഴിക്കുന്പോൾ…?
ആന്തരിക രക്തസ്രാവം (പ്രത്യേകിച്ചും കുടലിനുള്ളിൽ അൾസർ ഉള്ളവരിൽ ) വർധിപ്പിക്കുന്ന മരുന്നുകളാണ് വേദനസംഹാരികൾ എന്നതിനാൽ അവ ഒഴിവാക്കണം.
എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ മറ്റാരുടെയെങ്കിലും വേദന ശമിപ്പിക്കുവാനായി ഡോക്ടർ നൽകിയ മരുന്ന് കഴിക്കുന്ന പലരെയും കണ്ടിട്ടുണ്ട്.
ആർത്തവ സംബന്ധമായ വേദനയ്ക്കു സ്ഥിരമായി ഇവ കഴിക്കുന്നവരുമുണ്ട്. അവർക്കും അൾസർ കൂടിയുണ്ടെങ്കിൽ അത് കുഴപ്പം ചെയ്യുമെന്ന് മനസിലായല്ലോ ?
വയറിന് ക്ഷതമേറ്റവരുടെ ശ്രദ്ധയ്ക്ക്
വീഴ്ച സംഭവിച്ചോ അപകടങ്ങളിൽപെട്ടോ അടിപിടികൂടിയോ വയറിന് ക്ഷതമേറ്റവർ പെട്ടെന്നുള്ള വയറുവേദന കാരണം ഡോക്ടറെ സമീപിക്കുമ്പോൾ നിർബന്ധമായും അവർക്ക് സംഭവിച്ച ഇത്തരം കാര്യങ്ങൾ ഡോക്ടറോടു പറയണം.
കാരണം, അത്തരം ക്ഷതങ്ങൾ കാരണം ആന്തരിക രക്തസ്രാവം ഉണ്ടായിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ആന്തരിക രക്തസ്രാവമുള്ള രോഗിക്ക് രക്തസമ്മർദ്ദം കുറഞ്ഞ് അപകടനിലയിലേക്ക് എത്തുവാൻ സാദ്ധ്യത കൂടുതലാണ്.
വിവരങ്ങൾ – ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ – 9447963481