ബിജു കലയത്തിനാൽ
ചെറുതോണി: സർക്കാർ യുപി സ്കൂളിനെ പച്ചപ്പഅ അണിയിച്ച് ചെറുതോണിയിലെ ചുമട്ടു തൊഴിലാളിയായ സി.രാജു രാജ്യത്തിനു തന്നെ മാതൃകയായി. ജില്ലാ ആസ്ഥാനത്ത് ഇടുക്കി കളക്ടറേറ്റിനു സമീപം പ്രവർത്തിക്കുന്ന പൈനാവ് ഗവ.യുപി സ്കൂളിനെയാണ് രാജു ഹരിതാഭമാക്കിയത്. ഒന്നു മുതൽ ഏഴുവരെയുള്ള പാഠപുസ്തകത്തിലെ മുഴുവൻ സസ്യങ്ങളും ഈ സ്കൂളിലെത്തിയാൽ കാണാനാവും.
1968ൽ പ്രവർത്തനമാരംഭിച്ച സ്കൂളിന് 68 സെന്റ് സ്ഥലമുണ്ട്. വർഷങ്ങൾക്ക് മുന്പ് നാൽക്കാലികൾ സ്വൈര്യവിഹാരം നടത്തിയിരുന്ന സ്കൂൾ പരിസരം ചുറ്റുമതിൽ നിർമിച്ച് സംരക്ഷിച്ചു. ഇതോടെ പിടിഎ പ്രസിഡന്റായ പെെനാവ് പുതുവൽ കരയ്ക്കാട്ട് പുത്തൻവീട്ടിൽ രാജു തനിക്ക് ലഭിക്കാവുന്നിടത്തുനിന്നെല്ലാം തണൽമരതൈകളും ഫലവൃക്ഷങ്ങളും ഒൗഷധസസ്യങ്ങളും പൂച്ചെടികളും സംഘടിപ്പിച്ച് സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ചു.
അധ്യാപകരും വിദ്യാർഥികളും വെള്ളവും വളവും നൽകി ഒപ്പം കൂടിയതോടെ സ് കൂളും പരിസരവും പച്ചപ്പട്ടു വിരിച്ചതുപോലെയായി. ഞാവൽ, പേര, നെല്ലി, പ്ലാവ്, മാവ്, കപ്ലം, സപ്പോർട്ട, റന്പൂട്ടാൻ, ഇലുന്പി, അത്തി,ഓറഞ്ച്, നാരകം, മൾബറി, പാഷൻഫ്രൂട്ട് തുടങ്ങി വിവിധയിനം ഫലങ്ങൾ സ്കൂൾ അങ്കണത്തിൽ സുലഭമായി ഫലം നൽകി വരുന്നു.
കച്ചോലം, കറുക, കായം, രാമച്ചം, ആര്യവേപ്പ്, കൂവ, നറുനീണ്ടി, ശതാവരി, കല്ലുരുക്കി, ആവണക്ക്, മുത്തങ്ങ, ചിറ്റമൃത്, ബ്രഹ്മി തുടങ്ങി നിരവധി ഒൗഷധ സസ്യങ്ങളും ഇവിടെ നട്ടുവളർത്തിയിട്ടുണ്ട്. സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാനത്തിൽ തണൽ മരങ്ങളും ഫലവൃക്ഷങ്ങളും ഒൗഷധ സസ്യങ്ങളും ഉൾപ്പെടെ 145 ഇനങ്ങളാണ് നട്ടു പരിപാലിച്ചു വരുന്നത്. പുറമെ മുന്നൂറോളം വാഴകളും. പഴമെല്ലാം കുട്ടികൾക്കും അധ്യാപകർക്കും സ്വന്തം.
നാലു വർഷത്തോളം പിടിഎ പ്രസിഡന്റായിരുന്ന രാജു വർഷങ്ങൾ കഴിഞ്ഞിട്ടും സ്കൂളിലെ പച്ചപ്പ് നിലനിർത്താനുള്ള പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. രാജുവിന്റെ സേവനത്തിന് സ്കൂൾ അധികൃതർ പൊലിക-2017 പരിപാടിയോടനുബന്ധിച്ച് വൃക്ഷമിത്ര അവാർഡ് നൽകി ആദരിച്ചു.
ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പിന്തുണ ലഭിച്ചതോടെ ജില്ലയിലെ സർക്കാർ സ്കൂളുകളിൽ പ്രമുഖസ്ഥാനത്തേക്കുയർന്നു. എല്ലാ ക്ലാസ് മുറികളും തറയോട് പതിച്ച് മനോഹരമാക്കി. റോഷി അഗസ്റ്റിൻ എംഎൽഎ സ്കൂളിന് ബസ് അനുവദിച്ചു.
വാഴത്തോപ്പ് പഞ്ചായത്ത് ഓപ്പണ് ഓഡിറ്റോറിയവും ഡിജിറ്റൽ ക്ലാസ് റൂമും തയാറാക്കി. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഉച്ചഭക്ഷണത്തിനു പുറമെ പ്രഭാത ഭക്ഷണവും നൽകുന്നു. 65 കുട്ടികളാണ് എൽപി, യുപി വിഭാഗത്തിൽ ഇവിടെ പഠിക്കുന്നത്. ഹെഡ്മിസ്ട്രസ് എസ്.റെജി, എം.ഡി അജിമോൻ, വത്സലകുമാരി, ഷെർമി തുടങ്ങിയ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മേഖലയിലും കലാകായികരംഗത്തും സ്കൂൾ പ്രശസ്തമായി മുന്നേറുന്നു.