നൗഷാദ് മാങ്കാംകുഴി
ചാരുംമൂട്: പെയിന്റിംഗ് തൊഴിലാളിയുടെ വീട്ടുമുറ്റത്തെ കിണർ കൗതുകമാകുന്നു.പെയിന്റ് നിറച്ച ബക്കറ്റിൻറ്റെ മാതൃകയിൽ പെയിന്റടിക്കാൻ ഉപയോഗിക്കുന്ന റോളാറോടുകൂടിയ കിണറാണ് കാഴചക്കാർക്ക് ഇപ്പോൾ കൗതുകമായി മാറിയിരിക്കുന്നത്.പെയിന്റിംഗ് ജോലികൾ കാരാറെടുത്ത് ചെയ്യുന്ന വെട്ടിയാർ നാലുമുക്കിന് സമീപം മാങ്കാംകുഴി ആലിൻറ്റെ തെക്കേതിൽ ഷിഹാബ് എന്നയാൾ പുതിയതായി പണികഴിപ്പിച്ച വീടിൻറ്റെ മുന്നിലാണ് ഈ കൗതുക കിണർ നിർമ്മിച്ചിട്ടുള്ളത്.
താഴ്ചയുള്ള കിണറിന് മുകളിൽ കോണ്ക്രീറ്റ് തൊടികൾ സ്ഥാപിച്ച ശേഷം അതിനു പുറം ഭാഗം പെയിന്റ് ബക്കറ്റ് മാതൃകയിൽ നിർമിക്കുകയും അനുയോജ്യമായ നിറം നൽകുകയുമായിരുന്നു.ബക്കറ്റിന് സാധാരണ നിലയിലുള്ള കന്പികൊണ്ടുള്ള പിടിയും കിണറിന് നൽകിയിട്ടുണ്ട് .ഒറ്റ നോട്ടത്തിൽ പെയിന്റ് ബക്കറ്റ് ആണെന്ന് തോന്നിപോകും.
ഇന്നലെയായിരുന്നു ഷിഹാബിൻറ്റെ പുതിയ വീടിൻറ്റെ ഗൃഹപ്രവേശം.ഇതിൽ പങ്കെടുക്കാനെത്തിയവരുടെയെല്ലാം പ്രാധാന ആകർഷണം വീട്ടുമുറ്റത്തെ കിണറായിരുന്നു .പെയിന്റിംഗ് ജോലികളാണ് ഷിഹാബിൻറെ ജീവിതത്തിന് വഴികാട്ടിയായിതീർന്നത്.അതിനാൽ ആ തൊഴിലിനോടുള്ള നന്ദി സൂചകമായിട്ടാണ് പെയിന്റിംഗ് ബക്കറ്റ് മാതൃകയിൽ കിണർ സ്ഥാപിച്ചതെന്ന് ഷിഹാബ് പറഞ്ഞു.